ADVERTISEMENT

നെയ്യാറ്റിൻകര ∙ കെ. ആൻസലൻ നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിൽ വിജയിച്ചപ്പോൾ പരാജയപ്പെട്ടത് എല്ലാ മുന്നണികളുടെയും കണക്കുകൂട്ടലുകൾ. അതിയന്നൂർ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മാത്രമായി അയ്യായിരത്തോളം വോട്ടുകൾ ലീഡ് ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ്. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളിൽ തന്നെ കണക്കുകൾ മാറി മറിഞ്ഞതോടെ കോൺഗ്രസിന്റെ കണക്കു കൂട്ടലുകൾ തെറ്റിത്തുടങ്ങി. തങ്ങളുടെ ശക്തി കേന്ദ്രങ്ങളായ കാരോട്, കുളത്തൂർ മേഖകളിലും പ്രതീക്ഷിച്ച വോട്ടുകൾ ലഭിക്കാതായതോടെ കാലിടറി വീഴുകയും ചെയ്തു.

അതിയന്നൂരിലും ചെങ്കലിലും വലിയൊരു മുന്നേറ്റം ബിജെപിയും പ്രതീക്ഷിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ മുനിസിപ്പാലിറ്റിയിലെ 9 വാർഡുകളിൽ ബിജെപി വിജയിച്ചിട്ടുണ്ട്. പക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പിൽ അതു പ്രതിഫലിച്ചില്ല. എൽഡിഎഫിനു വോട്ടു കുറഞ്ഞേക്കാൻ സാധ്യതയുണ്ടെന്നു കരുതിയ പ്രദേശങ്ങളിൽ നിന്നും അനുകൂലമായി തരംഗമുണ്ടായി. ഇതാണ് മിന്നുന്ന വിജയത്തിനു പിന്നിൽ. കഴിഞ്ഞ തവണ 9543 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നെങ്കിൽ ഇക്കുറിയത് 14,241 ആയി ഉയർന്നു. 4698 വോട്ടുകളുടെ വർധന.

നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയും അതിയന്നൂർ, ചെങ്കൽ, കാരോട്, കുളത്തൂർ, തിരുപുറം പഞ്ചായത്തുകളും ചേർന്നാണ് നെയ്യാറ്റിൻകര നിയോജക മണ്ഡലം. 44 വാർഡുകളുള്ള മുനിസിപ്പാലിറ്റിയിൽ ഒരു സീറ്റിന്റെ ബലത്തിലാണ് എൽഡിഎഫ് ഭരിക്കുന്നത്. തിരുപുറം പഞ്ചായത്തിലും സ്വതന്ത്രന്മാരുടെ പിൻതുണയോടെയാണ് എൽ‍ഡിഎഫ് അധികാരത്തിൽ വന്നത്. മറ്റു പഞ്ചായത്തുകളിൽ ഭരണം യുഡിഎഫിനാണ്. തദ്ദേശ തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കി വിലയിരുത്തുകയാണെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനായിരുന്നു വിജയ സാധ്യത. ഈ പ്രതീക്ഷ കോൺഗ്രസിന് ഉണ്ടായിരുന്നു താനും. ശക്തികേന്ദ്രങ്ങളിൽ നിന്നു പോലും പ്രതീക്ഷിച്ച വോട്ടുകൾ കോൺഗ്രസിനു ലഭിച്ചില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com