‘നേമത്ത് ആര് ജയിക്കണമെന്നല്ല ആര് തോൽക്കണമെന്നായിരുന്നു എൽഡിഎഫ്– യുഡിഎഫ് ധാരണ’
Mail This Article
തിരുവനന്തപുരം∙ ബിജെപിയെ തോൽപ്പിക്കാനായി യുഡിഎഫ് ന്യൂനപക്ഷ വിഭാഗത്തിലുള്ള വോട്ട് എൽഡിഎഫിന് മറിച്ചു കൊടുത്തതെന്ന് നേമത്തെ എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. യുഡിഎഫ് വോട്ട് കൂടുതൽ പിടിച്ചത് കൊണ്ടാണ് നേമത്തു ബിജെപി പരാജയപ്പെട്ടതെന്ന കെ.മുരളീധരന്റെ പ്രസ്‌താവന വിചിത്രമാണ്. 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നേമത്തു യുഡിഎഫിനു ലഭിച്ച 46,472 വോട്ട് (32.8%) ഈ തിരഞ്ഞെടുപ്പിൽ 36,524 (25%) ആയി കുറഞ്ഞത് എങ്ങനെയെന്ന് മുരളീധരൻ വ്യക്തമാക്കണം.
യുഡിഎഫ് വോട്ട് എൽഡിഎഫിനു പോയതു കൊണ്ടാണ് 33,921 (24%) വോട്ടിൽ നിന്ന് 55,837 (38.2%) ആയി അവരുടേത് ഉയർന്നത്. നേമത്ത് ആര് ജയിക്കണമെന്നല്ല ആര് തോൽക്കണമെന്ന കാര്യത്തിൽ എൽഡിഎഫിനും യുഡിഎഫിനും വ്യക്തമായ ധാരണയുണ്ടായിരുന്നു. എൽഡിഎഫിനെ വിജയിപ്പിച്ചിട്ടാണെങ്കിലും ബിജെപിയെ പരാജയപ്പെടുത്തണമെന്ന യുഡിഎഫിന്റെ നിഷേധ രാഷ്ട്രീയം അവരുടെ തന്നെ വിനാശത്തിനിടയാക്കി.
നേമത്തു ബിജെപി പരാജയപ്പെട്ടത് യുഡിഎഫ് കൂടുതൽ വോട്ട് പിടിച്ചതു കൊണ്ടാണെന്ന മുരളീധരന്റെ അവകാശവാദം ശരിയാണെങ്കിൽ സിപിഎം വിജയിച്ചതിന്റെ ഉത്തരവാദിത്തം കൂടി അദ്ദേഹം ഏറ്റെടുക്കണമെന്നും കുമ്മനം പറഞ്ഞു.