ADVERTISEMENT

വിഴിഞ്ഞം∙വിഴിഞ്ഞം പദ്ധതിയുടെ തടസ്സങ്ങൾ നീക്കുക ആദ്യ ലക്ഷ്യം എന്ന പുതിയ മന്ത്രിയുടെ പ്രഖ്യാപനം രാജ്യാന്തര തുറമുഖ പദ്ധതി പൂർത്തീകരണം വേഗത്തിലാക്കും എന്നു പ്രതീക്ഷ നൽകുന്നു. പുതിയ മന്ത്രി സഭയിൽ തുറമുഖ വകുപ്പിന്റെ ചുമതലയേറ്റ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പ്രസ്താവന ആണ് പദ്ധതി നിർമാണത്തിനു പ്രതീക്ഷ പകരുന്നത്. നിർമാണ ചുമതലയുള്ള അദാനി പോർട്സ് ആൻഡ് സീസ് കമ്പനി അധികൃതരും മന്ത്രിയുടെ പ്രസ്ഥാവനയെ ഏറെ പ്രതീക്ഷയോടെയും അനുകൂലമായും ആണ് കാണുന്നതെന്നു പ്രതികരിച്ചു. 

  

 

പദ്ധതിയുടെ നട്ടെല്ലായ പുലിമുട്ട്(ബ്രേക്ക്‌വാട്ടർ) നിർമാണത്തിനുള്ള കരിങ്കല്ലു ലഭ്യത ആണ് നിർമാണ വഴിയിലെ പ്രധാന കടമ്പ. കല്ലു ലഭ്യത സുഗമം ആയാൽ കൂടുതൽ ബാർജുകൾ എത്തിച്ചു കടൽ വഴിക്കും ഒപ്പം കര വഴിക്കും പുലിമുട്ടു നിർമാണം വേഗത്തിലാക്കും. 3.1 കി.മീ. ദൂരമുള്ള പുലിമുട്ടു പൂർത്തിയായാൽ ശേഷിച്ച നിർമാണം വളരെ പെട്ടെന്നു പൂർത്തിയാകും എന്നു അദാനി ഗ്രൂപ്പ് അധികൃതർ പറഞ്ഞു. ഇതിനുള്ള സന്നാഹങ്ങൾ തയാറാണ്. വൈദ്യുതി ലഭ്യതക്കുള്ള സബ് സ്റ്റേഷൻ പൂർത്തിയായി. ബൈപാസുമായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡ് നിർമാണം 70 ശതമാനത്തിലേറെ പൂർത്തി ആയെന്നും അധികൃതർ പറയുന്നു. 

 

കനത്ത മഴയിലും പണി തുടരുന്നു

 

വിഴിഞ്ഞം∙പുലിമുട്ടിന്റെ ശേഷിച്ച ഭാഗങ്ങൾ കടൽക്ഷോഭത്തിൽ നശിക്കാതിരിക്കാൻ സംരക്ഷണ ജോലികൾ കനത്ത മഴയിലും പദ്ധതി പ്രദേശത്ത് തുടരുന്നു. ഏകദേശം 900 മീറ്റർ ദൂരം എത്തിയ പുലിമുട്ടിന്റെ ഏതാണ്ട് 175 മീറ്റർ ദൂരത്തെ നിർമാണം ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നുള്ള കടലാക്രമണത്തിൽ തകർന്നു എന്നു അദാനി പോർട്സ് ആൻഡ് സീസ്‌ അധികൃതർ ഈയ്യിടെ വെളിപ്പെടുത്തിയിരുന്നു. കൂറ്റൻ പാറകൾ പ്രത്യേക രീതിയിൽ അടുക്കി പുലിമുട്ടിന്റെ ശേഷിച്ച ഭാഗം സംരക്ഷിക്കാനാണ് ശ്രമം. വരുന്ന ഏതാനും ദിവസങ്ങൾക്കുള്ളിൽ 3000 ടൺ കൂറ്റൻ പാറക്കല്ലുകൾ ഇത്തരത്തിൽ അടുക്കണം എന്ന നിബന്ധനയിൽ ആണ് സംരക്ഷണ ജോലികൾ രാവും പകലും ആയി നടക്കുന്നത്. 

 

കാലവർഷം ആരംഭിക്കുന്നതോടെ നിർമാണം പൂർണമായും നിർത്തേണ്ടി വരും എന്നു അധികൃതർ പറഞ്ഞു.ഇക്കാലത്ത് കരിങ്കല്ലു ലഭ്യമായാൽ ഇവ പദ്ധതി സ്ഥലത്ത് സംഭരിക്കുന്ന ജോലി തുടരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com