ADVERTISEMENT

തിരുവനന്തപുരം∙ ഈ കൂട്ടിൽ ഇവൻ ഇപ്പോഴും തനിച്ചാണ്. സന്ദർശകരില്ലെങ്കിലും മൃഗശാല ജീവനക്കാർ പേടി‍യോടെയാ‍ണ് ഇവനെ നോക്കുന്നത്.  മാറ്റ‍ക്കൂട്ടിനു തൊട്ടു ചേർന്നുള്ള തുറന്ന കൂട്ടിലെ എസി‍ക്കു മുകളിൽ കഴിയുന്ന ഇവ‍നിപ്പോൾ പടം പൊഴിക്കലിന്റെ കാലമാണ്. ഒരാഴ്ച മുൻപ് അകത്താക്കിയ ചേര ഉള്ളിൽ കിടക്കുന്നതിനാൽ വി‍ശപ്പില്ല. പടം പൊ‍ഴിച്ച ശേഷം 10 ദിവസമെങ്കിലും കഴിഞ്ഞേ ഭക്ഷണം കഴിക്കൂ. തീറ്റയും വെള്ളവും നൽകിയ യജമാനനെ കടിച്ചു കൊന്ന കേസിലെ ‘പ്രതി’ ‍‍യാ‍ണ് തിരുവനന്തപുരം മൃഗശാലയിലെ കാർത്തിക് എന്ന രാജവെമ്പാല. 

trivandrum-harshad-zoo-keeper
എ.ഹർ‍ഷാദ്

ഈ മാസം ഒന്നിനാണ് കാർത്തിക്കിന്റെ കടിയേറ്റ് ആനിമൽ കീപ്പർ കാട്ടാക്കട സ്വദേശി എ.ഹർ‍ഷാദ്(45)മരിച്ചത്. അസ്വാഭാവിക മരണ‍ത്തിനാണ് മ്യൂസിയം പൊലീസ് കേസെടുത്തിരി‍ക്കുന്നതെങ്കിലും, എഫ്ഐആറിൽ കാർത്തിക്കിന്റെ പേരുമുണ്ട്.    രണ്ടാഴ്ചയിലൊ‍രിക്കലാണ് രാജവെമ്പാ‍ലയ്ക്ക് ഭക്ഷണം നൽകുന്നത്. ഒന്നിന് ഉച്ചയോടെ കൂടു വൃത്തിയാക്കുന്നതിനിടെ‍‍യാ‍ണ് ഹർ‍ഷാദിന്, കാർത്തിക്കിന്റെ കടിയേറ്റത്.  രണ്ടു മാസത്തിനിടെ‍‍യാ‍ണ് രാജ‍വെമ്പാലകൾ പടം പൊഴിക്കുന്നത്.

ഈ സമയം നേത്ര പടല‍ശൽക്കങ്ങൾ  ഇളകി പോകുന്നതിനാൽ മൂടൽ ബാധിച്ച് കാഴ്ചകുറയും. പടം പൊഴി‍ക്കാനായി കൂട്ടി‍നുള്ളിലെ പാറക്കൂട്ടത്തി‍നിടയിലൂടെ ഇവ ഇഴഞ്ഞു നീങ്ങും.വിശപ്പി‍ല്ലെങ്കിൽ  ‍അനങ്ങാതെ കിടക്കും. വിശപ്പാ‍യാൽ ഇഴഞ്ഞു നടക്കും. മൃഗശാല‍യിൽ ആകെ 60ൽപ്പരം പാമ്പു‍കളുണ്ട്. 3 രാജ‍വെമ്പാലകൾ. ‍2  അനക്കോ‍ണ്ടകള്‍. രാജവെമ്പാ‍ലയുടെ കടിയേറ്റ് ഹർ‍ഷാദ് മരിച്ച സംഭവത്തെ തുടർന്ന് മൃഗശാല ജീവനക്കാരുടെയും മേലധികാരി‍കളുടെയും മൊഴിയെടുക്കൽ തുടരുകയാണ്. 

ഹർഷാ‍ദിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതു വരെ ലഭിച്ചിട്ടില്ലെന്നു മ്യൂസിയം ‍പൊലീസ് പറഞ്ഞു.  അപകടം നടന്ന ശേഷം 2 പേരാണ് രാജവെമ്പാ‍ലയുടെ കൂട് വൃത്തിയാക്കിയത്.  പാമ്പുകളെ പരിപാലി‍ക്കുമ്പോൾ കടിയേൽ‍ക്കാതിരിക്കാൻ കൈമുട്ടു വരെയു‍ള്ള കയ്യുറകളും, ‍ഗം ബൂട്ടുകളും ധരിക്കണമെന്നു നിർദേശിച്ചിട്ടുണ്ടെങ്കിലും, ജീവനക്കാർക്ക് ഇവ ആവശ്യത്തിനു ലഭ്യമാക്കിയിട്ടില്ല. 

സമഗ്ര അന്വേഷണം വേണം: മുഖ്യമന്ത്രിക്ക് പരാതി

രാജവെമ്പാ‍ലയുടെ കടിയേറ്റ് മൃഗശാല ജീവനക്കാരൻ ഹർ‍ഷാദ് മരിച്ച സംഭവത്തിൽ മൃഗശാല അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടാ‍യതായും സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഹർഷാ‍ദിന്റെ പിതാവ് എം.അബ്ദുൽ സലാം മുഖ്യമന്ത്രിക്കു പരാതി നൽകി. വന്യജീവിക‍ൾക്ക് തീറ്റ കൊടുക്കാൻ പോകുമ്പോൾ രണ്ടു പേർ ഉണ്ടാകണമെന്ന നിബന്ധന മൃഗശാല അധികൃതർ പാലിച്ചിട്ടില്ലെന്ന് പരാതിയിൽ ആരോപിച്ചിട്ടുണ്ട്. 

കോവിഡ് പശ്ചാത്തലത്തിൽ 50 % ജീവനക്കാർ ജോലിക്കെത്തുന്നതി‍നാലാണ് നിബന്ധന പാലിക്കാൻ കഴിയാത്തതെന്ന മൃഗശാല അധികൃതരുടെ വിശദീകരണം വസ്തുതകൾ മറച്ചു പിടിക്കു‍ന്നതാണ്.  ഓഫിസ് ജോലികൾക്കു മാത്രമാണ് 50 % എന്ന നിബന്ധ‍നയുള്ളത്.  കൂടുകൾ വൃത്തിയാക്കുന്നതിനും തീറ്റ കൊടുക്കുന്നതിനും ഈ നിബന്ധന ബാധകമല്ലെന്നും ഇതു സംബന്ധിച്ച് സർക്കുലർ നിലവിലുണ്ടെന്നും അബ്ദുൽ സലാം പറയുന്നു. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com