ADVERTISEMENT

തിരുവനന്തപുരം∙ ജീവിക്കാനായി അമ്മൂമ്മയ്ക്കൊപ്പം സൈക്കിളിൽ മീൻ വിൽപന നടത്തുന്ന പതിനൊന്നുകാരനു പൊലീസിന്റെ ആദരവും സമ്മാനങ്ങളും. അഭിജിത്തിന്റെ വലിയ സ്വപ്നം പൊലീസുകാരനാവുകയാണെന്ന് അറിഞ്ഞപ്പോൾ പൊലീസ് ആസ്ഥാനത്തു ക്ഷണിച്ചു വരുത്തി ഡിജിപി തന്നെ സമ്മാനം കൈമാറി. വെറുതെ ക്ഷണിക്കുകയായിരുന്നില്ല, തിരുവല്ലം പുഞ്ചക്കരി തമ്പുരാൻമുക്ക് സ്വദേശിയായ അഭിജിത്തിന്റെ പാകത്തിന് പൊലീസ് കമാൻഡോയുടെ യൂണിഫോം തയ്പിച്ചു നൽകി.

അഭിമാനത്തോടെ അതണിഞ്ഞ അഭിജിത്തിനെയും സഹോദരി അമൃത, അമ്മൂമ്മ സുധാദേവി എന്നിവരെയും ഇന്നലെ തിരുവല്ലം പൊലീസിന്റെ വാഹനത്തിലാണ് വഴുതക്കാട്ടെ ആസ്ഥാനത്തേക്കു കൂട്ടിക്കൊണ്ടു വന്നത്. അവിടെ സ്വീകരിച്ചത് പുതിയ പൊലീസ് മേധാവി അനിൽ കാന്ത് ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ. പഠിച്ചു മിടുക്കനായി വളരാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഓൺലൈൻ പഠനത്തിനുതകുന്ന സമ്മാനമായി പുത്തൻ ലാപ്ടോപ്പും സമ്മാനിച്ചു. പിന്നീട് സൈബർ സെല്ലടക്കമുള്ള വിവിധ വിഭാഗങ്ങളിൽ കൊണ്ടുപോയി പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി.

സ്വപ്ന തുല്യമായ ആ സന്ദർശനത്തിന്റെ ആവേശത്തിൽ പൊലീസ് സ്വപ്നം ഒന്നുകൂടി മനസ്സിലുറപ്പിച്ചായിരുന്നു അഭിജിത്തിന്റെ മടക്കം. പൊലീസ് ആവുകയെന്നതു കുഞ്ഞുനാളുമുതലുള്ള ആഗ്രഹമാണെങ്കിലും പൊലീസ് ആസ്ഥാനത്ത് ഇങ്ങനെയൊരു അവസരം സ്വപ്നത്തിൽ പോലും ചിന്തിച്ചില്ലെന്നു അഭിജിത്ത് പറഞ്ഞു. തമ്പുരാൻമുക്കിലെ ഷീറ്റ് മേഞ്ഞ വാടക വീട്ടിലാണ് സുധാദേവിയും ചെറുമക്കളും താമസിക്കുന്നത്. 

ഒൻപതു വർഷം മുൻപ് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് മാതാപിതാക്കൾ നാടുവിട്ടു പോയതോടെ പിന്നെ അവർക്ക് എല്ലാം സുധാദേവിയാണ്. രണ്ടു വർഷം മുൻപ് വരെ ചായക്കടയിൽ 350 രൂപ ദിവസക്കൂലിക്കു ജോലി ചെയ്താണ് സുധ കുടുംബം നോക്കിയത്. ലോക്ഡൗൺ ആയതോടെയാണു മീൻ വിൽപനയിലേക്കു കടന്നത്. സുധ പുലർച്ചെ നാലിന് വിഴിഞ്ഞത്തെത്തി മീനെടുത്ത് ആറോടെ പുഞ്ചക്കരിയിൽ മടങ്ങിയെത്തുമ്പോൾ അഭിജിത്തും സൈക്കിളുമായി അവിടെയെത്തും. 

പ്രദേശത്തെ വീടുകളിലെത്തി മീനിന് ഓർഡർ എടുക്കുന്നതും അതനുസരിച്ച് മീൻ കിറ്റുകൾ സൈക്കിളിൽ അവിടെ എത്തിക്കുന്നതും അഭിജിത്താണ്. ജംക്‌ഷനിലെ വിൽപന കഴിഞ്ഞു മീൻ ബാക്കിയുണ്ടെങ്കിൽ അഭിജിത്ത് വീണ്ടും സൈക്കിളുമായി ഓർഡർ എടുക്കാനിറങ്ങും. ഇരുവരും മീൻവിൽപന നടത്തുമ്പോൾ വീട്ടിലെ കാര്യങ്ങൾ അമൃത നോക്കും. ഇതിനു ശേഷമാണ് പഠനം.പട്ടം സെന്റ് മേരീസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് അഭിജിത്ത്.

വീട്ടിൽ നിന്ന് അകലെയുള്ള പേരുകേട്ട ഈ സ്കൂളിൽ പഠിക്കണമെന്നത് അഭിജിത്തിന്റെ ആഗ്രഹമായിരുന്നു. കഷ്ടപ്പാടുകൾക്കിടയിലും സുധ ഈ ആഗ്രഹം സഫലമാക്കി. സ്കൂൾ ബസിനായി മാസം 1200 രൂപയാണ് ചെലവ്. പൂന്തുറ ഗവ.സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അമൃത. ആറ് മാസം മുൻപാണ് 5000 രൂപ കടം വാങ്ങി അഭിജിത്തിനു സുധ സൈക്കിൾ വാങ്ങിക്കൊടുത്തത്. അതിൽ 3000 രൂപ ഇനിയും കടമായുണ്ട്. 2000 രൂപയാണ് വീട്ടു വാടക. അമ്മൂമ്മയെപ്പോലെ കഷ്ടപ്പെടുന്നവരെയും സങ്കടപ്പെടുന്നവരെയും പൊലീസ് ആയിട്ട് സഹായിക്കണമെന്നാണ് അഭിജിത്തിന്റെ മോഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com