കൂറ്റൻ കുന്തം മാന്ത്രികന്റെ മേൽ... ; എസ്കേപ് ഫ്രം കൊറോണ എന്ന രക്ഷപ്പെടൽ ജാലവിദ്യ
Mail This Article
കല്ലമ്പലം∙കോവിഡ് കാലത്ത് സാമൂഹിക അകലത്തിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി മജിഷ്യൻ ഹാരിസ് താഹ അവതരിപ്പിച്ച ജാലവിദ്യ ശ്രദ്ധേയമായി. കോവിഡ് പ്രതിരോധത്തിൽ മുൻ നിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ ആദരിച്ചു കൊണ്ടാണ് പരിപാടി തുടങ്ങിയത്. എസ്കേപ് ഫ്രം കൊറോണ എന്ന രക്ഷപ്പെടൽ ജാലവിദ്യ ആണ് അവതരിപ്പിച്ചത്. കല്ലമ്പലം ഇൻസ്പെക്ടർ ഐ.ഫറോസ് വിലങ്ങ് പരിശോധിച്ച ശേഷം മജിഷ്യനെ അണിയിച്ചു.
മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് എ.നഹാസ്,കെടിസിടി ആശുപത്രി ചെയർമാൻ പി.ജെ.നഹാസ്,എ.സുന്ദരേശൻ എന്നിവർ ചേർന്ന് മജിഷ്യൻ ഹാരിസിനെ ഇരുമ്പു തൂണിൽ ചങ്ങലയും താഴും ഉപയോഗിച്ച് തളച്ചു. മാന്ത്രികന്റെ തലയിൽ നിന്ന് 30 അടി ഉയരത്തിൽ 100 അടി അകലത്തിൽ ഇരുമ്പ് വടം കെട്ടിയിരുന്നു. അതിൽ കൊറോണ വൈറസിന്റെ രൂപത്തിൽ കൂറ്റൻ ഇരുമ്പ് കുന്തം ഘടിപ്പിച്ചു.
മണമ്പൂർ പഞ്ചായത്ത് അംഗം വി.സുധീർ കുന്തം ബന്ധിപ്പിച്ചിരുന്ന കയറിന് തീ കൊളുത്തി. ഉദ്യോഗ ജനകമായ നിമിഷങ്ങൾ. ഒടുവിൽ കൂറ്റൻ കുന്തം മാന്ത്രികന്റെ മേൽ... നിമിഷങ്ങൾക്കുള്ളിൽ ദേശീയ പതാകയുമായി സാമൂഹിക അകലം പാലിക്കുക എന്ന സന്ദേശവുമായി മജിഷ്യൻ കാണികളുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടതോടെ പരിപാടി സമാപിച്ചു. വേഗമേറിയ മാന്ത്രികൻ എന്ന ലോക റെക്കോർഡ് ജേതാവായ ഹാരിസ് താഹ മൂന്നര വർഷത്തെ പരിശീലനത്തിന് ഒടുവിലാണ് സാഹസിക ജാലവിദ്യ അവതരിപ്പിച്ചത്.