ADVERTISEMENT

മലയിൻകീഴ് ∙ ആറു പതിറ്റാണ്ടിനു മുമ്പ് വിളപ്പിൽശാലയിൽ ഗവ. ആശുപത്രി പണിയാൻ ഒരേക്കർ ഭൂമി ദാനം നൽകിയതു വഴി പ്രസിദ്ധയായ  വിളപ്പിൽശാല അമ്പലത്തുംവിള വീട്ടിൽ ജെ.സരസ്വതി ഭായി (96) വിടവാങ്ങി. വിടവാങ്ങുമ്പോൾ സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ബാക്കിയില്ലാതെ തൈക്കാട് ശാന്തികവാടത്തിലായിരുന്നു അന്ത്യനിദ്രയെന്നത് വിധിവൈപരീത്യമായി. കുടുംബ സ്വത്തായി കിട്ടിയ ഒന്നേകാൽ ഏക്കറിൽ ഒരേക്കർ വിളപ്പിൽശാലയിൽ ആശുപത്രി സ്ഥാപിക്കാൻ 1957 ലാണ് സരസ്വതി ഭായി നൽകിയത്. ശേഷിക്കുന്ന 25 സെന്റ് നാട്ടുകാരിൽ ചിലർക്ക് വീടു വയ്ക്കാനും ദാനം കൊടുത്തു. 

സൗജന്യമായി ലഭിച്ച വിളപ്പിൽശാല ജംക്‌ഷനിലെ ഭൂമിയിൽ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രം തുടങ്ങി. ഇന്ന് അത് വിളപ്പിൽ സാമൂഹികാരോഗ്യ കേന്ദ്രമാണ്. കോടികൾ വിലമതിക്കുന്ന സ്ഥലം..1961-ൽ വിളപ്പിൽശാലയിൽ സർക്കാർ ആശുപത്രി പ്രവർത്തനം തുടങ്ങിയപ്പോൾ അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ള സരസ്വതി ഭായിയെയും ഭർത്താവ് കൃഷ്ണപിള്ളയെയും വീട്ടിലെത്തി അഭിനന്ദിച്ചു. ഭൂമി ദാനം ചെയ്തതിനു പകരമായി കുടുംബത്തിലെ ആർക്കെങ്കിലും സർക്കാർ ജോലി നൽകാമെന്ന് പട്ടം വാഗ്ദാനം ചെയ്തിരുന്നതായി സരസ്വതിഭായി പറഞ്ഞിരുന്നു. 

എന്നാൽ ഒന്നും നടപ്പായില്ല. ഭർത്താവ് കർഷകനായ കൃഷ്ണപിള്ളയുടെ മരണശേഷം കൊച്ചുമകൾക്ക് ജോലിയെന്ന ആവശ്യവുമായി ഈ വയോധിക മന്ത്രി മന്ദിരങ്ങൾ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. 2013-ൽ ആശുപത്രിയിൽ പണിത ബഹുനില മന്ദിരത്തിന് സരസ്വതി ഭായിയുടെ പേരു നൽകണമെന്ന ആവശ്യവും നിരസിക്കപ്പെട്ടു. സരസ്വതിഭായിയുടെ കുടുംബാംഗത്തിന് സർക്കാർ ജോലി പരിഗണിക്കുമെന്ന് കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയിൽ വീണ്ടും പ്രഖ്യാപനം വന്നെങ്കിലും അതും പാഴ്‌‌വാക്കായി. പിന്നീട് ആശുപത്രി ഹാളിന് സരസ്വതി ഭായിയുടെ പേരു നൽകി.

trivandrum-saraswthi-bai
സരസ്വതി ഭായി

അവരുടെ ഛായാചിത്രവും സ്ഥാപിച്ചു. ഇവ രണ്ടും മാത്രമാണ് അവരോട് കാണിച്ച നന്ദി. മക്കൾ: ജയധരൻ നായർ (റിട്ട.അധ്യാപകൻ, കേന്ദ്രീയ വിദ്യാലയം), സുധാകരൻ നായർ, പ്രഭാകരൻ നായർ, രാജലക്ഷ്മി, ഭദ്രകുമാർ (റിട്ട. പൊലീസ് എസ്ഐ), ജയലക്ഷ്മി, അംബാലിക ദേവി (റിട്ട.കെഎസ്ആർടിസി), പരേതരായ രാജമോഹനൻ നായർ, അജിത് കുമാർ(റിട്ട പൊലീസ് എഎസ്ഐ). മരുമക്കൾ: പത്മജ, സുലോചന (റിട്ട. നഴ്‌സിങ് സൂപ്രണ്ട്), വത്സല, ശാന്തകുമാരി, സിന്ധു, പരേതരായ വിജയ കുമാരി, രാമചന്ദ്രൻനായർ (റിട്ട.ആരോഗ്യ വകുപ്പ്), ഗോപാലൻ നായർ (റിട്ട. കെഎസ്ഇബി), മണികണ്ഠൻ നായർ (റിട്ട. കെഎസ്ആർടിസി). സഞ്ചയനം: ഞായർ 8.30ന്.

trivandrum-health-center
വിളപ്പിൽ അമ്പലത്തുംവിള വീട്ടിൽ സരസ്വതി ഭായി വിട്ടു കൊടുത്ത ഭൂമിയിൽ ഇന്ന് പ്രവർത്തിക്കുന്ന വിളപ്പിൽ സാമൂഹികാരോഗ്യ കേന്ദ്രം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com