മീറ്റ് ആൻഡ് ഗ്രീറ്റ്, ആവശ്യത്തിന് ടോയ്‌ലറ്റ്; വിമാനത്താവളത്തിൽ യാത്രക്കാർ ആഗ്രഹിക്കുന്ന മാറ്റങ്ങൾ ഇവയാണ്
Mail This Article
തിരുവനന്തപുരം ∙ വിമാനത്താവള നടത്തിപ്പ് ഏറ്റെടുത്ത അദാനി ഗ്രൂപ്പ് മാത്രമല്ല, സംസ്ഥാന സർക്കാർ കൂടി കനിയാതെ നിലവിൽ യാത്രക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകില്ല. നടത്തിപ്പ് കൈമാറ്റത്തിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും വിമാനത്താവള വികസനത്തിനായി ഭൂമി ഏറ്റെടുത്തു നൽകുന്നതടക്കമുള്ള നടപടികളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ യാത്രക്കാർക്ക് തുടർന്നും ദുരിതം ചുമക്കണം. വിമാനത്താളത്തിൽ യാത്രക്കാർ ആഗ്രഹിക്കുന്ന മാറ്റങ്ങൾ ഇവയാണ്...
∙ വിമാനത്താവളത്തിന്റെ അടുത്ത ഘട്ടത്തിലേയ്ക്കുള്ള വികസനത്തിനായി സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്തു നൽകേണ്ടത് അത്യാവശ്യമാണ്. അദാനി ഗ്രൂപ്പിന് വിമാനത്താവള നടത്തിപ്പ് കൈമാറിയതിന് സംസ്ഥാന സർക്കാർ എതിരാണെങ്കിലും സ്ഥലം ഏറ്റെടുപ്പ് നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ, സുപ്രീംകോടതിയിലെ കേസിൽ തീരുമാനമാകും വരെ ഇതു നീളുമോ എന്ന ആശങ്കയുണ്ട്.
∙ കൊച്ചിയിൽ സർവീസ് നടത്തുന്നതിന്റെ നാലിലൊന്നു വിമാനങ്ങൾ പോലും ഇപ്പോൾ തിരുവനന്തപുരത്തു സർവീസ് നടത്തുന്നില്ല. യൂസർ ഫീസ് കുറയ്ക്കുകയോ പൂർണമായി ഒഴിവാക്കുകയോ ചെയ്യാത്തതാണ് ഇതിനു പ്രധാന കാരണം. ഗൾഫ് രാജ്യങ്ങളിലേയ്ക്കു മാത്രമാണ് തിരുവനന്തപുരത്തു നിന്നു നേരിട്ടു വിമാനങ്ങൾ. മറ്റു രാജ്യങ്ങളിലേയ്ക്കു പറക്കാൻ മുംബൈ, ദുബായ്, കൊളംബോ വഴിയൊക്കെ പോകേണ്ട അവസ്ഥയാണ്.
∙ പ്രായമേറിയവരും അപരിചിതരുമായ യാത്രക്കാർക്ക് ചെക്ക് ഇൻ ചെയ്യാനും മറ്റുമുള്ള സഹായത്തിനായി മീറ്റ് ആൻഡ് ഗ്രീറ്റ് സംവിധാനം രാജ്യത്തെ മിക്കവാറും എല്ലാ വിമാനത്താവളങ്ങളിലുമുണ്ട്. തിരുവനന്തപുരത്തു നിന്നു പോകുന്ന രാജ്യാന്തര യാത്രക്കാർക്കു പോലും ഇൗ സൗകര്യമില്ല. ഇതിനു വേണ്ട നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.
∙ അടച്ചിട്ടിരുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറന്നെങ്കിലും ഇനി കൂടുതൽ വിപുലീകരിക്കുകയും രാജ്യാന്തര നിലവാരം ഉറപ്പാക്കുകയും വേണം. കൊച്ചി, ഡൽഹി വിമാനത്താവളങ്ങൾക്കു സമാനമായി കൂടുതൽ ഷോപ്പിങ് സൗകര്യങ്ങളും ഒരുക്കണം.
∙ വിമാനത്താവളത്തിലേയ്ക്ക് എത്തുന്നവർ തിരക്കുള്ള സമയങ്ങളിൽ പാർക്കിങ്ങിനായി ക്യൂ നിൽക്കേണ്ട അവസ്ഥയുണ്ട്. ഇതു കാരണം സമയം നഷ്ടമാകുകയും പാർക്കിങ് ചാർജ് ഉയരുകയും ചെയ്യുന്നു. ഇതിനു പരിഹാരം വേണം.
∙ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജീവനക്കാർക്ക് വളരെ പരിമിതമായ സൗകര്യങ്ങളാണ് വിമാനത്താവളത്തിലുള്ളത്. ആവശ്യത്തിന് ടോയ്‌ലറ്റ് സൗകര്യവും വിശ്രമമുറികളും ഇല്ല. മറ്റ് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് ഒപ്പം എല്ലാ വിഭാഗം ജീവനക്കാരുടെ പ്രശ്നങ്ങൾക്കും പരിഹാരം വേണം.
English Summary: Meet and Greet, adequate toilet; Changes that passengers want at the airport