ബാലതാരം നിരഞ്ജന് ഒപ്പം നാട്: അഭിനന്ദനം അറിയിച്ച് മന്ത്രി ; സർക്കാർ സഹായം ലഭ്യമാക്കും
Mail This Article
കല്ലമ്പലം ∙ പരിമിതമായ ജീവിത സാഹചര്യങ്ങളെ അതിജീവിച്ച് അഭിനയിച്ച രണ്ടാം സിനിമയിൽ തന്നെ ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ നാവായിക്കുളം പുന്നവിള ആർ.എസ്.ലാൻഡിൽ എസ്.നിരഞ്ജന് ഫോണിലൂടെ മന്ത്രിയുടെ അഭിനന്ദനം. മന്ത്രി കെ.രാധാകൃഷ്ണനാണ് കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചത്. നേരിട്ടു കാണാമെന്നും നിരഞ്ജന്റെ പ്രശ്നങ്ങൾ സർക്കാരിനെ അറിയിക്കണം എന്നും സർക്കാരിന്റെ ഭാഗത്തു നിന്ന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ബാലതാരത്തിന്റെ ദുരിത ജീവിതത്തിന്റെ റിപ്പോർട്ട് മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു.
വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മുൻ എംഎൽഎയും പട്ടികജാതി ക്ഷേമസമിതി സംസ്ഥാന ഉപാധ്യക്ഷനുമായ ബി.സത്യന്റെ നേതൃത്വത്തിലുള്ള സംഘം നിരഞ്ജന്റെ വീട്ടിലെത്തി സ്ഥിതിഗതികൾ മനസ്സിലാക്കി മന്ത്രിയെ അറിയിക്കുകയായിരുന്നു. തുടർന്നാണ് മന്ത്രി ഫോണിൽ വിളിച്ചത്. നിരഞ്ജന്റെ ജീവിത സാഹചര്യങ്ങൾ, തുടർപഠനം കലാ പ്രവർത്തനം വീട് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തി പരിഹാരം ഉണ്ടാക്കാനുള്ള ഇടപെടലുകൾ നടത്തുമെന്ന് പട്ടികജാതി ക്ഷേമസമിതി പ്രവർത്തകർ അറിയിച്ചു. ഒപ്പം പൊന്നാടയും ഫലകവും നൽകി അനുമോദിച്ചു.
സിപിഎം നിയന്ത്രണത്തിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന കെ.എം.ജയദേവൻ മാസ്റ്റർ സൊസൈറ്റി നിരഞ്ജന് വീടു നിർമിച്ചു നൽകുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ അഭിനന്ദനം.കിളിമാനൂർ ഏരിയ പ്രസിഡന്റ് എസ്.മഞ്ജുലാൽ, സെക്രട്ടറി എസ്.രതീഷ്, ആർ.കെ.ദിലീപ് കുമാർ, നിരഞ്ജനെ അഭിനയ രംഗത്ത് എത്തിച്ച സാപിയൻസ് നാടക പ്രസ്ഥാനത്തിന്റെ സംഘാടകർ എന്നിവർ ഒപ്പം ഉണ്ടായിരുന്നു. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ‘കാസിമിന്റെ കടൽ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നിരഞ്ജൻ മികച്ച ബാല താരത്തിനുള്ള അംഗീകാരം ലഭിച്ചത്.
നിരഞ്ജനെ അനുമോദിച്ചു
കല്ലമ്പലം ∙ സിദ്ധനർ സർവീസ് സൊസൈറ്റി കടമ്പാട്ടുകോണം ശാഖയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നിരഞ്ജനെ അനുമോദിച്ചു. ജനറൽ സെക്രട്ടറി കെ.രവികുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ജി.ആർ.സീമ, കെ.രമണൻ, എസ്.സുജീവ്, എസ്.ലാൽജി, രഘു പള്ളിക്കൽ എന്നിവർ പങ്കെടുത്തു.