ADVERTISEMENT

പോത്തൻകോട്∙ അരങ്ങുണർത്തിയ‍ സ്ത്രൈണ ഭാവങ്ങൾക്ക് മാർഗി വിജയകുമാറിന് കേരള കലാമണ്ഡലത്തിന്റെ അംഗീകാരം. ‍കഥകളിയിലെ നീണ്ടകാല സംഭാവനകൾക്കു പുരസ്കാരം നേടിയ വിജയകുമാർ തിരുവനന്തപുരം തോന്നയ്ക്കൽ കുടവൂർ ലക്ഷ്മീതൽപം എന്ന വീട്ടിലിരുന്ന് സന്തോഷം പങ്കു വച്ചു. ‘ഈ അവാർഡ് വൈകിപ്പോയെന്ന ദുഖമില്ല. മുൻപ് ഈ അംഗീകാരം കിട്ടിയവരാരും മോശക്കാരല്ല. കലാമണ്ഡലത്തിന്റെ അംഗീകാരം കിട്ടുക എന്നത് കഥകളി നടനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കാര്യമാണ്’.

വിജയകുമാർ പറഞ്ഞു. നെടുമുടിവേണു, മോഹൻലാൽ, തിക്കുറിശ്ശി, നരേന്ദ്രപ്രസാദ്, മുരളിതുടങ്ങി സിനിമയിലും മറ്റു കലാരംഗങ്ങളിലുമുള്ള ഒട്ടേറെ പേരുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു വിജയകുമാർ. അധ്യാപകനായ വേലായുധൻ നായരുടേയും ലളിതാമ്മയുടെയും ഏഴാമത്തെ പുത്രനായി 1960 മേയ് 31ന് ആണ് വിജയകുമാറിന്റെ ജനനം. 10-ാം വയസ്സിലാണ് വീടിനു സമീപം തോന്നയ്ക്കൽ പീതാംബരൻ തുടങ്ങിയ കഥകളി കളരിയിലെത്തുന്നത്. പിന്നീട് 1975ൽ മാർഗിയിലെത്തി. 

മാങ്കുളം വിഷ്ണു നമ്പൂതിരിയുടെയും ഈഞ്ചയ്ക്കൽ രാമകൃഷ്ണപിള്ളയും ശിഷ്യത്വത്തിൽ കഥകളിയിലെ തെക്കൻ ചിട്ടകൾ പഠിച്ചു. പിന്നീട് ആശാനായി എത്തിയ കലാമണ്ഡലം കൃഷ്ണൻനായരാണ് തന്നെ ഏറെ സ്വാധീനിച്ചതെന്നും വടക്കൻ സമ്പ്രദായത്തിന്റെ പ്രയാസമേറിയ ചിട്ടകൾ അദ്ദേഹമാണ്  ‍അഭ്യസിപ്പിച്ചതെന്നും വിജയകുമാർ സ്മരിക്കുന്നു. വിജയകുമാർ പിന്നീട് മാർഗിയിലെ അധ്യാപകനും മേധാവിയുമായി. അൻപതോളം വിദേശരാജ്യങ്ങളിൽ ഏതാണ്ട് 150  അരങ്ങുകളിൽ വേഷമിട്ടു.  

നെടുമുടി വേണുവുമായി വർഷങ്ങളുടെ സൗഹൃദമാണ് ഉണ്ടായിരുന്നത്. നെടുമുടി വേണു മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് അവസാനമായി ലേഖനം എഴുതിയത് മാർഗി വിജയകുമാറിനെക്കുറിച്ചായിരുന്നു. ‘കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിൽ ചികിത്സയിലിരിക്കെ ഒക്ടോബർ 5ന് രാവിലെ ഏഴരയോടെ നെടുമുടി വേണു ഫോണിൽ വിളിച്ചു. വിജയകുമാറിനെ കുറിച്ച് ഒരു ലേഖനം എഴുതിയിട്ടുണ്ട്– ‘അരങ്ങിന്റെ ചാരുത’. അത് അയച്ചിട്ടുണ്ടെന്നും വായിച്ചു നോക്കാനും പറഞ്ഞു.   

രാത്രി ഉറക്കമില്ലെന്നും പകലുറക്കം ശീലമായി വരുന്നു, സുഖമില്ലാത്തതിനാൽ അടുത്ത ദിവസം ആശുപത്രിയിലേക്ക് പോകുകയാണ് എന്നും പറഞ്ഞു. എന്നാൽ 11–ാം തീയതി ഉച്ചയ്ക്ക് ഒന്നരയോടെ വേണുവിന്റെ ജ്യേഷ്ഠൻ പ്രഭാകരൻനായർ മരണവിവരം വിളിച്ചറിയിക്കുകയായിരുന്നു. കഥകളിയുമായി ബന്ധപ്പെട്ട് ഏറെ പുരസ്കാരങ്ങളാണ് ‍ വിജയകുമാറിന് തേടിയെത്തിയത്. ഭാര്യ ബിന്ദു. മകൾ ലക്ഷ്മിപ്രിയ വിവാഹം കഴിഞ്ഞ് ഭർത്താവിനോടൊപ്പം അരുവിക്കരയിലാണ് താമസം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com