14 ട്രെയിൻ നിർത്തിയിരുന്നിടത്ത് ഇപ്പോൾ രണ്ടു മാത്രം; 10 കിലോമീറ്ററിനു 30 രൂപയും, ആളനക്കമില്ല!
Mail This Article
ബാലരാമപുരം∙ ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാത്തതും ഉള്ളവയ്ക്ക് അമിത നിരക്ക് ഈടാക്കുന്നതും കാരണം ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ ആളനക്കമില്ലാതായി. തിരുവനന്തപുരം–കന്യാകുമാരി റെയിൽപാതയിലെ ബാലരാമപുരം സ്റ്റേഷനിൽ ദിവസവും ഇരുദിശകളിലുമായി 14 ട്രെയിനുകളാണ് നിർത്തിയിരുന്നത്. അതിപ്പോൾ രണ്ടായാണ് കുറഞ്ഞിരിക്കുന്നത്. ഇതിൽ യാത്ര ചെയ്യണമെങ്കിൽ 30 രൂപയാണ് ടിക്കറ്റ് നിരക്ക്.
വെറും 10 കിലോമീറ്ററിനാണ് ഈ അമിത നിരക്ക് ഈടാക്കുന്നതെന്ന് സ്ഥിരം യാത്രക്കാർ പറയുന്നു. ബസിന് തന്നെ ഇത്രയും തുക ഇല്ലെന്നിരിക്കെയാണിത്. ഇത് നേരത്തത്തെപോലെ 10 രൂപയാക്കി ചുരുക്കണമെന്നാണ് ആവശ്യം. രാവിലെ 6.50ന് നാഗർകോവിലിൽ നിന്ന് പുറപ്പെടുന്ന ട്രെയിനും ഉച്ചയ്ക്കുള്ള നാഗർകോവിൽ ട്രെയിനും ആശ്രയിച്ചിരുന്ന നിരവധിപേരുണ്ട്.
കോട്ടയം ട്രെയിൻ ഇപ്പോൾ ഇവിടെ നിർത്തുന്നില്ല. പേരിനുവേണ്ടി രണ്ട് സ്പെഷൽ ട്രെയിനുകളാണ് നിർത്തുന്നത്. ഇതിനാണ് അമിത ചാർജ്. യാത്രക്കാർ കുറഞ്ഞതോടെ സ്റ്റേഷനും പ്ലാറ്റ്ഫോമും ഒഴിഞ്ഞുകിടക്കുകയാണ്. പലയിടത്തും കാടുപിടിച്ചും കിടക്കുന്നു. തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമാണ്. റെയിൽവേ ജീവനക്കാർ എത്തുന്നതും അപൂർവമായാണ്. ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ അധികൃതർക്ക് നിവേദനം നൽകാൻ ഒരുങ്ങുകയാണ് യാത്രക്കാർ.