ബീമാപള്ളി ഉറൂസിനു തുടക്കം
Mail This Article
തിരുവനന്തപുരം∙ തക്ബീർ ധ്വനികളുടെയും നൂറു കണക്കിന് വിശ്വാസികളുടെ പ്രാർഥനകളുടെയും അകമ്പടിയിൽ പളളി മിനാരത്തിലെ കൊടിമരത്തിൽ ജമാഅത്ത് പ്രസിഡന്റ് എ.ആർ.ഹലാലുദ്ദീൻ ഇരുവർണ പതാകയുയർത്തിയതോടെ ബീമാപള്ളി ദർഗാ ഷെരീഫിൽ ഉറൂസ് ഉത്സവത്തിന് തുടക്കമായി. ഇസ്‌ലാം പ്രചാരണാർഥം തിരുവിതാംകൂറിലെത്തിയ ബീമാ ബീവിയുടേയും മകൻ മാഹിൻ അബൂബക്കറിന്റെയും കബറിടങ്ങളിൽ പ്രാർഥിക്കാനായി ഇനി 10 ദിവസം ബീമാപള്ളിയിലേക്ക് വിശ്വാസപ്രവാഹം.
ഇന്നലെ രാവിലെ 8 ന് ബീമാപള്ളി ഇമാം മാഹീൻ അബൂബക്കർ ഫൈസിയുടെ നേതൃത്വത്തിൽ നടന്ന പ്രാർഥനയ്ക്കു ശേഷമാണ് ചടങ്ങുകൾക്ക് തുടക്കമായത്. പള്ളിയങ്കണത്തിൽ നിന്നു പുറപ്പെട്ട പട്ടണപ്രദക്ഷിണം ബീമാപള്ളി, ജോനക പൂന്തുറ,മാണിക്യവിളാകം വഴി രാവിലെ പത്തോടെ ബീമാപള്ളിയിൽ തിരിച്ചെത്തി. തുടർന്ന് സർവമത സാഹോദര്യത്തിനും രാജ്യത്തിന്റെ ഐക്യത്തിനുമായി ചീഫ് ഇമാം സയ്യിദ് മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിൽ ദർഗാ ഷെരീഫിൽ പ്രത്യേക പ്രാർഥന നടത്തി.
ശേഷം പ്രത്യേകം തയാറാക്കിയ കൊടി മരത്തിൽ ദുബായിൽ നിന്ന് എത്തിച്ച ചുവപ്പും പച്ചയും നിറത്തിലുള്ള ഉറൂസ് പതാക ഉയർത്തി. തുടർന്ന് ദേശീയ ഗാനം മുഴങ്ങി.മന്ത്രിമാരായ ആന്റണി രാജു, ജി.ആർ.അനിൽ, മുൻ മന്ത്രിമാരായ വി.എസ്.ശിവകുമാർ, വി.സുരേന്ദ്രൻപിള്ള, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലീം, ജമാ അത്ത് ജനറൽ സെക്രട്ടറി എസ്.റംസാൻ, ട്രഷറർ എസ്.ഇദ്‌രീസ് എന്നിവർ പങ്കെടുത്തു.14 വരെ ദിവസവും രാത്രി 10ന് മതപണ്ഡിതന്മാർ പങ്കെടുക്കുന്ന മതപ്രഭാഷണം ഉണ്ടായിരിക്കും.
ഇന്ന് ഇ.പി.അബൂബക്കർ കാസിമിയും 7ന് ഹുസൈൻ സഖാഫി ബീമാപള്ളിയും 8ന് അനസ് അമാനി പുഷ്പഗിരിയും 9ന് യഹിയ ബാഖവിയും 10ന് അഷ്റഫ് റുഹുമാനി ചൗക്കിയും 11ന് ആഷിക്ക് ദാരിമിയും 12ന് പേരോട് മുഹമ്മദ് അസ്ഹരിയും 13ന് ഹസ്സൻ അഷ്റഫ് ഫാളിൽ ബാഖവിയും 14ന് സയ്യിദ് മുത്തുക്കോയ തങ്ങളും മതപ്രഭാഷണം നടത്തും. ഈ ദിവസങ്ങളിൽ രാത്രി 7 മുതൽ മൗലിദ്, മുനാജാത്ത്, റാത്തീബ് എന്നിവയും ഉണ്ടായിരിക്കും. 15ന് രാവിലെ അന്നദാനത്തോടെയാണ് സമാപനം