ADVERTISEMENT

തിരുവനന്തപുരം∙ സ്വതന്ത്ര ഇന്ത്യ നടത്തിയ ശാസ്ത്ര ഗവേഷണ മുന്നേറ്റങ്ങളുടെ കഥ പറയുന്ന വെബ് സീരിസിൽ തിരുവിതാംകൂറിലെ അവസാന രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമയെ മോശമായി ചിത്രീകരിച്ചിരിക്കുന്നതിനെതിരെ തിരുവിതാംകൂർ രാജ കുടുംബം. വെബ് സീരീസിൽ കാണിക്കുന്ന സംഭവങ്ങൾ സത്യ വിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് ചിത്തിര തിരുന്നാളിന്റെ അനന്തരവൾ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി പറഞ്ഞു. 

വെബ് സീരിസിൽ ജവഹർ ലാൽ നെഹ്റുവും ഹോമി ജെ.ഭാഭയുമായുള്ള സംഭാഷണ രംഗങ്ങളിലാണ് ചിത്തിര തിരുന്നാളിനെ അപകീർത്തിപ്പെടുത്തുന്ന രംഗങ്ങളുള്ളതെന്നാണ് ആരോപണം. തിരുവിതാംകൂർ രാജ്യത്തിന്റെ രാജാവെന്ന കഥാപാത്രത്തിനു ചിത്തിര തിരുന്നാൾ എന്ന പേരു തന്നെ നൽകിയിരിക്കുന്നതാണ് വിവാദം ചൂടുപിടിക്കാൻ കാരണം.  ചരിത്ര  സംഭവങ്ങളുടെ സ്വതന്ത്ര ആവിഷ്ക്കാരമെന്ന മുഖവുരയോടെയാണ് വെബ് സീരിസ് പുറത്തിറക്കിയത്. തിരുവിതാംകൂറിലെ മോണോസൈറ്റ് നിക്ഷേപം രാജ്യത്തിനു ലഭ്യമാക്കുന്നതിനെ കുറിച്ചാണ് ചിത്തിര തിരുനാളും നെഹ്റുവും ഭാഭയും ഡൽഹിയിൽ ചർച്ച നടത്തുന്നത്.

തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമല്ലാത്തതിനാൽ നെഹ്റുവിന്റെ നിർദേശങ്ങൾ പാലിക്കാൻ തങ്ങൾ ബാധ്യസ്ഥരല്ലെന്നും വിപണിയിൽ മറ്റുള്ളവർ നൽകുന്ന വിലയ്ക്ക് മോണോസൈറ്റ് നൽകാൻ സന്നദ്ധമാണെന്നും ചിത്തിര തിരുന്നാൾ ചർച്ചയിൽ അറിയിക്കുന്നു. നെഹ്റുവിന്റെ അസാന്നിധ്യത്തിൽ ചിത്രീകരിച്ചിരിക്കുന്ന തുടർന്നുള്ള രംഗങ്ങളിലാണ് ഭാഭ ചിത്തിര തിരുനാളിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നത്. 50,000 ടൺ മാത്രം കയറ്റുമതി ചെയ്യാൻ അനുമതിയുണ്ടായിരിക്കേ, 3 ലക്ഷം ടൺ ധാതു യൂറോപ്പിലേക്കു കയറ്റി അയച്ചെന്നും അതിന്റെ പങ്ക് നിയമ വിരുദ്ധമായി ചിത്തിര തിരുന്നാൾ കൈപ്പറ്റിയെന്നുമാണ് വെബ് സീരിസിൽ ഭാഭയുടെ ആരോപണം. 

എത്ര കയറ്റുമതി ചെയ്യണമെന്നതും ആർക്കു നൽകണമെന്നതും തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നു ചിത്തിര തിരുനാൾ തിരിച്ചടിക്കുന്നു. പല രാജാക്കൻമാരുടെയും അന്ത്യം വിഷം ഉള്ളിൽച്ചെന്നും ശിരഛേദം സംഭവിച്ചുമാണെന്ന് അറിയാമല്ലോയെന്നാണ് ഭാഭയുടെ തുടർന്നുള്ള ഭീഷണി. അതേസമയം, ഇന്ത്യയുടെ ആദ്യ ബഹിരാകാശ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ തുമ്പയിലെ നാട്ടുകാരും ബിഷപ്പും മുൻകൈ എടുത്തതു വെബ് സീരീസിൽ പരമാർശിക്കുന്നുണ്ട്. വെബ് സീരിസ് ചർച്ചയായതിനു പിന്നാലെയാണ് വിശദീകരണവുമായി രാജകുടുംബം രംഗത്തെത്തിയത്. വിവാദങ്ങളിലൂടെ ശ്രദ്ധ നേടുകയെന്ന രീതി അവസാനിപ്പിക്കണമെന്നും വേണ്ടി വന്നാൽ തുടർ നടപടികളിലേക്ക് കടക്കുമെന്നും രാജ കുടുംബം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com