ADVERTISEMENT

തിരുവനന്തപുരം ∙ തമ്പാനൂർ അരിസ്റ്റോ ജംക്‌ഷനിലെ ഹോട്ടൽ മുറിയിൽ കാട്ടാക്കട വീരണകാവ് സ്വദേശിനിയായ ഗായത്രിയുടെ കൊലപാതകം ആത്മഹത്യയായി ചിത്രീകരിക്കാ‍നാനുള്ള പ്രവീണിന്റെ  ശ്രമം പരാജയപ്പെടുകയായിരുന്നുവെന്നു പൊലീസ്. ചുരിദാർ ഷാൾ കഴുത്തിൽ മുറുക്കി, ശ്വാസം‍മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് മുറി പുറത്തു നിന്നു പൂട്ടി  പ്രവീൺ പുറത്തിറങ്ങിയത്. വീരണകാവ് ചാനൽ‍കര മുരുക്കറ വീട്ടിൽ എസ്.ഗായത്രി (24) ശനിയാഴ്ച കൊല്ലപ്പെട്ട  സംഭവത്തിൽ കൊല്ലം പരവൂർ കോട്ടപ്പുറം ചെമ്പാൻതൊടി ജെ.പ്രവീണിനെ (34)ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. 

താനുമൊന്നിച്ചുള്ള ചിത്രങ്ങൾ ഗായത്രി മൊബൈൽ ഫോൺ സ്റ്റാറ്റ‍സാക്കിയതാണ് തന്നെ പ്രകോപിപ്പി‍ച്ചതെന്നു പ്രവീൺ പറഞ്ഞെങ്കിലും ഗായത്രിയുടെ ഫോണിൽ പ്രവീ‍ൺ തന്നെയാണ് വാട്സാപ് സ്റ്റാ‍റ്റസ് ഇട്ട‍തെന്ന നിഗമനത്തിലാണ് പൊലീസ്. കൊലയ്ക്കു ശേഷം ഗായത്രിയുടെ മൊബൈൽ ഫോൺ കൈക്കലാക്കി ഗായത്രിയുടെ ഫെയ്സ് ബുക് അക്കൗണ്ട് ഉപയോഗിച്ച് ഒരുമി‍ച്ചുള്ള ചിത്രങ്ങൾ പുറത്തു വിട്ട് പൊലീസിനെ വഴിതെറ്റിക്കാൻ ശ്രമിച്ചതായും സൂചനയുണ്ട്. ഇതു പൊളിഞ്ഞതോ‍ടെയാണ് കീഴടങ്ങുന്നതി‍നായി കൊല്ലത്തെ അഭിഭാഷകനെ കണ്ടത്.

നഗരത്തിലെ ജ്വല്ലറിയിൽ ഡ്രൈവറായ പ്രവീണും  റിസപ്ഷനിസ്റ്റായിരുന്ന  ഗായത്രിയും 2 വർഷം മുൻപാണ് അടുപ്പത്തിലായത്. താൻ വിവാഹിതനും പിതാവുമാണെന്ന വിവരം പ്രവീൺ മറച്ചു വച്ചെങ്കിലും ഇക്കാര്യം പിന്നീട് അറിഞ്ഞതോടെ, ബന്ധം വേർപ്പെടുത്താൻ ഗായത്രി  ആവശ്യപ്പെട്ടു. വിവാഹമോചനം നേടി  ഗായത്രിയെ വിവാഹം കഴിക്കാമെന്ന ഉറപ്പു  നൽകി  പ്രവീൺ 2021 ഫെബ്രുവരിയിൽ തിരുവനന്തപുരത്തെ പള്ളിയിൽ ഗായത്രിയെ താലി കെട്ടി. വിവരമറി​ഞ്ഞ പ്രവീണിന്റെ ഭാര്യ ജ്വല്ലറിയിലെത്തി ബഹളം വച്ചതോടെ ഗായത്രി ജോലി രാജിവച്ചെങ്കിലും ഇരുവരും ബന്ധം തുടർന്നു. പ്രവീണിനെ തമിഴ്നാട്ടിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. 

ഗായത്രിയുടെ മൃതദേഹം സംസ്കരിച്ചു

ശനിയാഴ്ച വീടുവിട്ടിറങ്ങിയ മകളുടെ ചേതനയറ്റ ശരീരം കണ്ട് അമ്മയും സഹോദരിയും തളർന്നു വീണു. കണ്ടു നിന്നവർക്ക് പോലും ആശ്വസിപ്പിക്കാനാവാത്ത വിധം ഹൃദയഭേദകമായിരുന്നു ലോഡ്ജിൽ കൊല്ലപ്പെട്ട ഗായത്രിയുടെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോഴുള്ള കാഴ്ച. വീരണകാവ് ചാനൽകര മുരുക്കറ വീട്ടിൽ സുജാതയുടെയും പരേതനായ മാരിയപ്പന്റെയും മകൾ ഗായത്രി(24)യെ തിരുവനന്തപുരത്ത് ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ഇന്നലെ രാവിലെ 11.30ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ നിന്ന് വീട്ടിലെത്തിച്ചു. 12.30 ന് സംസ്കാരം നടത്തി.

ശനിയാഴ്ച ഉച്ചയോടെയാണ് ഗായത്രി വീടുവിട്ടത്. രാത്രി പത്തു മണിയോടെ കാട്ടാക്കട പൊലീസിൽ ബന്ധുക്കൾ പരാതി നൽകി. ഒപ്പം ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി പ്രവീണുമായുള്ള ബന്ധവും പൊലീസിനോട് പറഞ്ഞിരുന്നു. ഞായർ പുലർച്ചെയാണ് ഗായത്രിയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി കാട്ടാക്കട പൊലീസിന് വിവരം ലഭിക്കുന്നത്. ഉച്ചയോടെ കൊലയാണെന്നും പ്രതി പഴയ സഹപ്രവർത്തകനാണെന്നുംതിരിച്ചറിഞ്ഞു. വീരണകാവ് അരുവികുഴിയിലെ ജിമ്മിൽ ട്രെയിനറായിരുന്നു  ഗായത്രി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com