ADVERTISEMENT

വർക്കല∙ അയന്തി പന്തുവിളയിൽ ഇരുനില വീടിന് അർധരാത്രി തീപടർന്നു കുടുംബത്തിലെ അഞ്ചു പേർ മരിച്ച ദുരന്തത്തിൽ തീ ആദ്യം കണ്ടത് കാർ പോർച്ചിലെ ബൈക്കിലെന്നു സൂചന നൽകി പൊലീസ്.എതിരെയുള്ള വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളുടെ പ്രാഥമിക പരിശോധനയിൽ ബൈക്കിന്റെ പെട്രോൾ ടാങ്കിന്റെ ഭാഗത്ത് നിന്നു തീപ്പൊരി പടരുന്നതാണ് ആദ്യം  കാണുന്നത്.. പുലർച്ചെ 1.46 നാണ് ഈ ദൃശ്യം.  പിന്നാലെ ടാങ്ക് പൊട്ടിത്തെറിച്ചു തീ ആളിക്കത്തി മുകളിലേക്ക് ഉയരുന്നതും കാണാം. ഇതോടെ പോർച്ചിനു മേലുള്ള ഇലക്ട്രിക് ഹോൾഡറുകൾ ഉരുകി അതുവഴിയും മുകളിലേക്ക് തീ വ്യാപിച്ചെന്നാണ് നിഗമനം. വീടിന്റെ താഴത്തെ നിലയിൽ നിന്നു മുകളിലേക്കാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.

trivandrum-people
അയന്തി പന്തുവിളയിൽ വീടിന് തീപടർന്നുണ്ടായ ദുരന്തത്തിൽ, അനുശോചനം അറിയിക്കാൻ മൂത്ത മകനായ രാഹുലിന്റെ വീട്ടിൽ എത്തിയവർ

ദുരന്തത്തിന് ഇരയായ വീട്ടിൽ നിരീക്ഷണ ക്യാമറകൾ ഉണ്ടെങ്കിലും തീപിടർന്നു ഹാർഡ് ഡിസ്കിന് തകരാര‍് സംഭവിച്ചതിനാൽ  ദൃശ്യങ്ങൾ ലഭിക്കാനായി ഫൊറൻസിക് ലാബിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു. ക്യാമറ ദൃശ്യങ്ങളിലൊന്നും ആരുടെയും സാന്നിധ്യം കാണാത്തതിനാൽ അപായപ്പെടുത്തൽ അടക്കമുള്ള ആസൂത്രിത നീക്കം ഉണ്ടാകാനുള്ള സാധ്യത പൊലീസ് തള്ളുന്നു.വൈദ്യുതി ലൈനിലെ ഷോർട് സർക്യൂട്ട് വഴിയാണ് തീ പടർന്നതെന്ന നിഗമനത്തിനായിരുന്നു ആദ്യം പ്രാമുഖ്യം. അഗ്നിരക്ഷാസേന, ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റ് വിഭാഗങ്ങളുടെ അന്വേഷണ റിപ്പോർട്ടുകൾ കൂടി ക്രോഡീകരിച്ചായിരിക്കും  അപകടകാരണം എന്തെന്ന അന്തിമ നിലപാടിലെത്തുക

പുത്തൻചന്തയിലെ പച്ചക്കറി മൊത്തവ്യാപാരശാലയായ ആർ.പി.എൻ. വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ് ഉടമ ചെറുന്നിയൂർ അയന്തി പന്തുവിള രാഹുൽ നിവാസിൽ പ്രതാപൻ (ബേബി–62), ഭാര്യ ഷേർളി (53), മകൻ അഹിൽ (29), മകൻ നിഹുലിന്റെ ഭാര്യ അഭിരാമി (25), മകൻ റയാൻ (8 മാസം) എന്നിവരാണു തിങ്കഴാച രാത്രിയുണ്ടായ ദുരന്തത്തിൽ മരിച്ചത്. ഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള നിഹുലി(32)ന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്. നിഹുൽ വെന്റിലേറ്ററിൽ തുടരുകയാണ്. പ്രതാപന്റെ മൂത്ത മകൻ വിദേശത്തുണ്ടായിരുന്ന രാഹുലും ഭാര്യയും കുട്ടികളും അപകടവിവരമറിഞ്ഞ് ഇന്നലെ നാട്ടിലെത്തി

trivandrum-grave
അയന്തി പന്തുവിളയിൽ വീടിന് തീപടർന്നു മരിച്ച വ്യാപാരി പ്രതാപൻ അടക്കമുള്ള അഞ്ചു പേരുടെ സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ ദുരന്തമുണ്ടായ വീടിനു പിന്നിൽ.

അഞ്ചു പേരുടെയും സംസ്കാരം ഒരിടത്ത്

അഞ്ചു കുടുംബാംഗങ്ങളുടെയും  സംസ്കാരച്ചടങ്ങുകൾ കുടുംബ വീട്ടുവളപ്പിൽ നടക്കും. അഗ്നിക്കിരയായ വീടിന് സമീപത്ത് ചിത ഒരുക്കും. അഭിരാമിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കുടുംബ വീട് സ്ഥിതി ചെയ്യുന്ന വക്കത്ത് പൊതുദർശനത്തിന് വച്ച ശേഷമാകും അയന്തിയിൽ എത്തിക്കുക. അഭിരാമിയുടെ പിതാവ് ലണ്ടനിൽ നിന്നെത്തുന്നതനുസരിച്ചു സംസ്കാര സമയം നിശ്ചയിക്കും

മരുന്നുകളോട് പ്രതികരിച്ച് നിഹുൽ; വെന്റിലേറ്ററിൽ തുടരും

വർക്കലയിലെ തീപിടിത്ത ദുരന്തത്തിൽ 50% പൊള്ളലോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന നിഹുൽ മരുന്നുകളോട് പ്രതികരിച്ച് തുടങ്ങി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വാസോച്ഛ്വാസം നടത്തുന്നതെങ്കിലും കഴിഞ്ഞ ദിവസത്തേക്കാൾ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ.  ബോധം വീണ്ടു കിട്ടുന്നത് വരെ വെന്റിലേറ്റർ സഹായം തുടരും. 

പൊള്ളലിന് പുറമേ വിഷവാതകം ശ്വസിക്കുകയും ചെയ്‌തതാണ് നിഹുലിന്റെ ആരോഗ്യനില ഗുരുതരമാക്കിയത്.രക്ഷാപ്രവർത്തനത്തിനിടെ ഫയർഫോഴ്സ് പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുമ്പോൾ ഓർമയുണ്ടായിരുന്ന നിഹിൽ ഭാര്യയും കുഞ്ഞും മുറിക്കുള്ളിലാണെന്ന് ഉദ്യോഗസ്ഥരെ ഓർമിപ്പിച്ചെങ്കിലും വിഷവാതകം ഉള്ളിൽ ചെന്നതിനെ തുടർന്ന് പിന്നീട് അബോധാവസ്ഥയിലാകുകയായിരുന്നു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com