ADVERTISEMENT

വർക്കല∙ അയന്തി പന്തുവിളയിൽ അഞ്ചു പേരുടെ മരണത്തിന് ഇടയാക്കിയ അഗ്നിബാധ സംഭവത്തിൽ തീ എവിടെ നിന്നു പടർന്നു എന്ന കാര്യത്തിൽ അവ്യക്ത തുടരുന്നു. ദുരന്തം നേരിട്ട വീടിന്റെ എതിരെയുള്ള വീട്ടിലെ നിരീക്ഷണ ക്യാമറയിൽ  പതിഞ്ഞ ദൃശ്യങ്ങൾ തീയുടെ വെളിച്ചം മതിലിൽ പതിച്ചപ്പോൾ ഉണ്ടായ പ്രതിഫലനമാണെന്നാണു പറയുന്നത്. തീ പടരുന്നതിന്റെ പുന:രാവിഷ്കരണം നടത്തിയപ്പോൾ തീ ഹാളിൽ നിന്നാണോ അതോ നിർത്തിയിട്ട ബൈക്കുകളിൽ നിന്നാണോ പടർന്നതെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.

അഗ്നിബാധയിൽ മരിച്ച അഭിരാമിയേയും എട്ടുമാസം പ്രായമുള്ള കുഞ്ഞിനേയും സംസ്കരിക്കാനായുള്ള ഒരുക്കം. കുടുംബവീടിന് സമീപത്ത് ഒരേ കുഴിയിലാണ് ഇരുവരുടെയും സംസ്കാരം. പ്രതാപൻ, ഭാര്യ ഷേർളി, മകൻ അഹിൽ എന്നിവർക്കു സമീപത്തു തന്നെ ചിതയൊരുക്കും

കഴിഞ്ഞദിവസം രാത്രി പൊലീസിന്റെ നേതൃത്വത്തിൽ എതിരെയുള്ള വീടിന്റെ ക്യാമറ ഓൺ ചെയ്തു കാർപോർച്ചിൽ തീ വീണ്ടും കത്തിച്ചു നിരീക്ഷണം നടത്തി. എന്നാൽ ക്യാമറയിൽ കാണുന്ന തീയുടെ ദൃശ്യം കാർപോർച്ചിൽ നിന്നു തന്നെയാണോ എന്ന കാര്യത്തിൽ വ്യക്തത വന്നില്ല. തീ കത്തുമ്പോൾ സമീപത്തെ മതിലിൽ വെളിച്ചം തട്ടിയുണ്ടായ പ്രതിഫലനമാണ് ക്യാമറയിൽ കണ്ടതെന്നാണു ബന്ധപ്പെട്ടവർ പറയുന്നത്. അതോടെ തീയുടെ ഉറവിടം എവിടെ നിന്നാണ് എന്നത് വീണ്ടും ദുരൂഹമായി തുടരുന്നു.

വീടിന്റെ താഴത്തെ ഭാഗത്തു നിന്നാണു തീയുടെ ഉത്ഭവം എന്നു ഉറപ്പിക്കുമ്പോൾ തന്നെ ഫൊറൻസിക്കിന്റെയും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും അന്തിമ പരിശോധനാ നിർണയം കാക്കുകയാണ് പൊലീസ്. അതേസമയം സംഭവത്തിൽ മരിച്ചവരുടെ ഫോണുകളിൽ തന്നെ വീട്ടിൽ സിസിടിവി ദൃശ്യങ്ങൾ കാണാനുള്ള സംവിധാനമുണ്ടെങ്കിലും അവ വീണ്ടെടുക്കാനായിട്ടില്ല. ഹാർഡ് ഡിസ്ക് കത്തിനശിച്ചതാണ് കാരണം. ദൃശ്യങ്ങൾ ഫൊറൻസിക് ലാബ് സഹായത്തോടെ വീണ്ടെടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

ഇന്നു മടക്കം, ഒരുമിച്ച് ... 

വർക്കല∙ അയന്തി പന്തുവിളയിൽ വീട്ടിൽ തീപിടിത്തമുണ്ടായി മരിച്ചവരുടെ സംസ്കാരം ഇന്ന് രണ്ടു മണിക്ക് അയന്തി പന്തുവിളയിലെ അപകടം നടന്ന വീട്ടു പരിസരത്ത് നടക്കും.  വീടിന്റെ ഇടത് ഭാഗത്തെ സ്ഥലത്തു സംസ്കരിക്കാനാണ് ഒരുക്കം നടത്തുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ദുരന്തത്തിൽ രാഹുൽ നിവാസിൽ ആർ.പ്രതാപൻ(62), ഭാര്യ ഷേർളി(53), മകൻ അഹിൽ(29), മരുമകൾ അഭിരാമി(25), അഭിരാമിയുടെ എട്ടു മാസം പ്രായമായ കുഞ്ഞ് റയാൻ എന്നിവരാണ് മരിച്ചത്.

അഭിരാമിയുടെ ഭർത്താവ് നിഹുൽ പൊള്ളലേറ്റു ചികിത്സയിൽ തുടരുകയാണ്. അഭിരാമിയുടെ പിതാവ് ലണ്ടൻ പൗരനായ സൈൻ നടേശൻ നാട്ടിലെത്താനായി സംസ്കാരച്ചടങ്ങുകൾ നീട്ടി വയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം വക്കത്തെ വീട്ടിലെത്തി.  പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങളിൽ അഭിരാമിയുടെയും കുഞ്ഞിന്റേതും മാത്രം കുടുംബവീടായ വക്കത്ത് ഇന്നു രാവിലെ 9 മണിയോടെ  പൊതുദർശനത്തിന് വെയ്ക്കും.

തുടർന്നു വർക്കലയിൽ എത്തിച്ചു 11.30 ന്എല്ലാവരുടെയും മൃതദേഹങ്ങൾ വിലാപ യാത്രയായി പ്രതാപന്റെ മൂത്തമകന്റെ വീട്ടിൽ എത്തിച്ചു പൊതുദർശനത്തിന് വെയ്ക്കും. രണ്ടു മണിയോടെ സംസ്കാരത്തിന് കുടുംബവീട്ടിലേക്ക് വിലാപയാത്ര നീങ്ങും.  അഭിരാമിയേയും കുഞ്ഞിനെയും  വീട്ടുവളപ്പിൽ ഒരേ കുഴിയിൽ അടക്കം ചെയ്യുമ്പോൾ മറ്റുള്ളവരെ ഗ്യാസ് ക്രിമറ്റോറിയത്തിൽ ദഹിപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com