കണ്ണീർ നൊമ്പരമായി കുഞ്ഞു റയാൻ; കുഞ്ഞു പാവയുടെ കാഴ്ച നൊമ്പരമായി മാറി...
Mail This Article
വർക്കല∙ എട്ടുമാസം പ്രായമായ കുഞ്ഞു റയാൻ തന്നെയായിരുന്നു ഇന്നലെ സ്നേഹതീരത്ത് അന്ത്യോപചാരം അർപ്പിക്കാനെത്തിയ ജനങ്ങളുടെ കരളലിയിച്ചത്. അപകടം നടന്ന ദിവസം മുതൽ അഭിരാമിയുടെയും കുഞ്ഞിന്റെയും വിധിയോർത്ത് കേഴുകയായിരുന്നു ഏവരും. അപകടസമയത്ത് അഭിരാമി കുഞ്ഞുമായി കുളിമുറിയിൽ കയറി രക്ഷപ്പെടാൻ നടത്തിയ ശ്രമവും പിന്നാലെ രക്ഷാപ്രവർത്തനത്തിന് എത്തിയവരുടെ മുന്നിൽ അമ്മയുടെ നെഞ്ചിലണഞ്ഞു മരിച്ചു കിടന്ന റയാന്റെയും ദാരുണമായ കാഴ്ചയും മാഞ്ഞിട്ടില്ല.
അപകടവേളയിൽ അമ്മയും കുഞ്ഞും വീട്ടിലുണ്ട് ഉടൻ രക്ഷിക്കണമെന്നു അഗ്നിരക്ഷാ സേനാംഗങ്ങളോട് നാട്ടുകാർ നടത്തിയ ദീനരോദനം വിഫലമാവുകയായിരുന്നു. ഇന്നലെ പൊതുദർശനത്തിന് എത്തിച്ചപ്പോൾ റയാന്റെ ശവപേടകത്തിലെ കുഞ്ഞു പാവയുടെ കാഴ്ചനൊമ്പരമായി മാറി. വക്കത്തെ കുടുംബവീട്ടിൽ പൊതുദർശനം കഴിഞ്ഞ വേളയിലാണ് കൂട്ടായിരുന്ന കുഞ്ഞുപാവയെ റയാനൊപ്പം കിടത്തിയത്. ഉച്ചയ്ക്കു കുടുംബവീട്ടിൽ നടന്ന സംസ്കാര ചടങ്ങിൽ ആദ്യം അഭിരാമിയേയും കുഞ്ഞിനെയുമായി അടക്കി. ശവപേടകത്തിൽ അമ്മയുടെ നെഞ്ചോട് ചേർന്നു കമിഴ്ന്നു കിടന്നായിരുന്നു റയാന്റെ മടക്കം. യാത്രയിൽ പാവയും ഒപ്പം ചേർന്നു.