ഡോക്ടർമാരില്ല , മരുന്നുകൾക്ക് കടുത്ത ക്ഷാമം; ആറ്റിങ്ങൽ മൃഗാശുപത്രിക്കെതിരെ പരാതി പ്രളയം
Mail This Article
ആറ്റിങ്ങൽ∙ ആവശ്യത്തിന് ഡോക്ടർമാരും മരുന്നുകളും ഇല്ലാത്തതിനെ തുടർന്ന് ആറ്റിങ്ങൽ മൃഗാശുപത്രിയിൽ മൃഗങ്ങളുടെ ചികിത്സയ്ക്കെത്തുവർ ബുദ്ധിമുട്ടുന്നതായി പരാതി . തിരുവനന്തപുരം ജില്ലയിലെ ഏറ്റവും തിരക്കേറിയ മൃഗാശുപത്രിയാണ് ആറ്റിങ്ങലിലേത്. രണ്ടു വർഷം മുൻപു പ്രവർത്തന സമയം 24 മണിക്കൂറായി ഉയർത്തിയതോടെ ശരാശരി നാലായിരത്തോളം മൃഗങ്ങളെ മാസംതോറും ഇവിടെ ചികിത്സയ്ക്കു കൊണ്ടുവരാറുണ്ട്. ആവശ്യത്തിനു മരുന്നു ലഭ്യമാകുന്നില്ലെന്നും ഡോക്ടർമാരില്ലെന്നും ആരോപണമുണ്ട്.
ശസ്ത്രക്രിയ സൗകര്യമടക്കം ഉള്ള ആശുപത്രിയാണ് ആറ്റിങ്ങലിലേത്. മൂന്ന് ഷിഫ്റ്റുകളായാണു പ്രവർത്തനം. അഞ്ചു സ്ഥിരം ഡോക്ടർമാർ വേണ്ടിടത്ത് നിലവിൽ രണ്ടു സ്ഥിരം ഡോക്ടർമാരും ഒരു ജൂനിയർ റസിഡന്റ് ഡോക്ടറും ആണ് ഉള്ളത്. ഡോക്ടർ ഇല്ലാത്തതിനാൽ രണ്ടു മാസമായി രാത്രികാല പ്രവർത്തനം മുടങ്ങിയിരിക്കുകയാണ്. മറ്റൊരു ഡോക്ടർ ഒന്നര മാസത്തോളമായി മെഡിക്കൽ ലീവിലായതോടെ പ്രതിസന്ധി രൂക്ഷമായി .
ഒരുവർഷം 4.90 ലക്ഷം രൂപയുടെ മരുന്ന് ആശുപത്രിയിലേക്കു വാങ്ങാറുണ്ടെന്നും ഇതു വിതരണം ചെയ്യുന്നുണ്ടെന്നും ആശുപത്രി സൂപ്രണ്ട് സക്കറിയ സെബാസ്റ്റ്യൻ പറഞ്ഞു. നഗരസഭയ്ക്കു പുറമേ സമീപത്തെ പത്തോളം പഞ്ചായത്തുകളിൽ നിന്നും മൃഗങ്ങളെ ഇവിടെ എത്തിക്കാറുണ്ട്. നഗരസഭയ്ക്കു പുറത്തുനിന്ന് എത്തുന്നവർക്ക് മരുന്ന് നൽകുന്നതിന് പരമിതിയുണ്ടെന്നും ചികിത്സ നൽകാറുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു.