ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ നഴ്സസ് ദിനാഘോഷത്തിന്റെ ഭാഗമായി നഴ്സിങ് വിദ്യാർഥികളുടെ ഘോഷയാത്ര മുന്നിലൂടെ കടന്നു പോകുമ്പോൾ, അവകാശങ്ങൾ നേടിയെടുക്കാനുള്ള മുദ്രാവാക്യങ്ങൾ മുഴക്കുകയായിരുന്നു സമരപ്പന്തലിൽ പബ്ലിക് ഹെൽത്ത് നഴ്സുമാർ. ഒരാഴ്ചയായി ആരോഗ്യ ഡയറക്ടറേറ്റിനു മുന്നിൽ രാപകൽ സമരം ചെയ്യുന്നവരുടെ ക്ഷീണിച്ച സ്വരത്തിലുള്ള മുദ്രാവാക്യങ്ങൾ ഘോഷയാത്രയുടെ ഭാഗമായ വാദ്യഘോഷങ്ങളുടെ പ്രകമ്പനത്തിലും പതറ‍ിയില്ല.

‘കേരള മോഡൽ ആരോഗ്യം ലോകത്താകെ ഉയരുമ്പോൾ പണിയെടുത്തവർ പെരുവഴിയിൽ... ഇതെന്തു ന്യായം ഇതെന്തു നീതി.. അവകാശങ്ങൾ തന്നേ തീരൂ..’ എന്ന മുദ്രാവാക്യങ്ങളുമായാണു ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ നഴ്സസ് ദിനാചരണം കടന്നുപോയത്. ജനറൽ ആശുപത്രി ജംക്‌ഷനിൽ നിന്നാരംഭിച്ച ഘോഷയാത്ര ആരോഗ്യ ഡയറക്ടറേറ്റിനു മുന്നിലൂടെയാണു സമ്മേളന വേദിയായ എകെജി ഹാളിലേക്കു പോയത്. 

പിഎച്ച്എൻ ട്യൂട്ടർ തസ്തികയിലേക്കു പബ്ലിക് ഹെൽത്ത് നഴ്സുമാരെ നിയമിച്ച ഉത്തരവ് പിൻവലിച്ച നടപടി റദ്ദാക്കുമെന്ന് രണ്ടു ദിവസം മുൻപ്  മന്ത്രിയുടെ സാന്നിധ്യത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ നൽകിയ ഉറപ്പും നടപ്പാകാത്തതിനാൽ സമരം തുടരുകയാണ് കേരള ഗവ.ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സസ് ആൻഡ് സൂപ്പർവൈസേഴ്സ് യൂണിയൻ.  ഇവരുടെ ആവശ്യങ്ങളിൽ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടർ ഡോ.പി.പി.പ്രീത സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചെങ്കിലും തുടർനടപടി ഉണ്ട‍ായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com