ADVERTISEMENT

തിരുവനന്തപുരം∙ ഒരു ജനവിഭാഗത്തെ വിശ്വാസപരമായി ജീവിക്കാൻ അനുവദിക്കില്ലെന്ന ശാഠ്യമാണ് ബിജെപിയും കേന്ദ്രസർക്കാരും പുലർത്തുന്നതെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എംപി. ഏക സിവിൽ കോഡിനെതിരെ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന കമ്മിറ്റി നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏക സിവിൽ കോഡിലൂടെ ആർഎസ്എസ് ആഗ്രഹിക്കുന്ന കാര്യം നടപ്പായിത്തുടങ്ങി. ഏക സിവിൽകോഡ് മുസ്‍ലിങ്ങളുടെ മാത്രം പ്രശ്നമല്ല. മത സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന എല്ലാ വിഭാഗങ്ങളും ഈ നീക്കത്തിനെതിരെ രംഗത്തിറങ്ങണം.

മതത്തിന്റെ പേരിൽ ജനങ്ങളെ വേർതിരിക്കാനുള്ള പൗരത്വനിയമം വീണ്ടും കൊണ്ടുവരുമെന്നാണ് കേന്ദ്രം ഇപ്പോൾ പറയുന്നത്. പാർലമെന്റ് പാസാക്കിയ നിയമങ്ങളോടെല്ലാം ബിജെപിക്കും ആർഎസ്എസിനും പുച്ഛമാണ്. സമാധാനത്തോടെ മുന്നോട്ടു പോവുകയെന്നതിനു വിശ്വാസപരമായി മറ്റാരെക്കാളും ബാധ്യതയുള്ളവരാണ് മുസ്‍ലിം സമുദായമെന്നും ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു. മതപരമായ ധ്രുവീകരണത്തിലൂടെ അധികാരം നിലനിർത്തുകയെന്ന അജൻഡയാണ് ഏക സിവിൽ കോഡ് നീക്കത്തിനു പിന്നിലെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി പറഞ്ഞു. മതനിരപേക്ഷ വിഭാഗങ്ങളുടെ ശക്തിയാർജിക്കലിലൂടെ ഭൂരിപക്ഷ വർഗീയതയെ ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞ‍ു.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഒരു ചുക്കും ചെയ്തിട്ടില്ലാത്ത ആർഎസ്എസിന്റെ കൂടെയുണ്ടായിരുന്നവരാണ് സമരത്തെ തുരങ്കം വയ്ക്ക‍ാൻ പോയിട്ടുള്ളതെന്നു സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ച് ജമാഅത്ത് ഫെഡറേഷൻ റേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി ഐക്യദാർഢ്യപ്രഭാഷണം നടത്തി. രാജ്ഭവനു സമീപം നടന്ന സമ്മേളനത്തിൽ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് കെ.പി.അബൂബക്കർ ഹസ്രത്ത് അധ്യക്ഷത വഹിച്ചു. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പ്രമേയം അവതരിപ്പിച്ചു.

കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, കെ.പി.മുഹമ്മദ്, മുത്തുക്കോയ തങ്ങൾ, സി.എ.മൂസ മൗലവി, പാങ്ങോട് കമറുദ്ദീൻ മൗലവി, ഒ.അബ്ദുറഹ്മാൻ മൗലവി, എം.എം.ബാവ മൗലവി, തോന്നയ്ക്കൽ കെ.എച്ച്.മുഹമ്മദ് മൗലവി, കടയ്ക്കൽ ജുനൈദ്, ഇലവുപാലം ഷംസുദ്ദീൻ മന്നാനി, എം.എം. മുഹ്‌യുദ്ദീൻ മൗലവി, എ.എം.ഇർഷാദ് ബാഖവി, കാരാളി കെ.സുലൈമാൻ ദാരിമി, വൈ.സഫീർഖാൻ മന്നാനി, മുണ്ടക്കയം ഹുസൈൻ മൗലവി, എസ്.എച്ച്.താഹിർ മൗലവി എന്നിവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com