നിയമസഭ: ആദ്യദിനം തന്നെ മുൻനിരപ്പോരാളിയായി ഉമ
Mail This Article
തിരുവനന്തപുരം∙ നിയമസഭാംഗമെന്ന നിലയിൽ സഭയിലെത്തിയ ആദ്യദിനം തന്നെ പ്രതിപക്ഷ പ്രതിഷേധത്തിന്റെ മുൻനിരപ്പോരാളിയായി ഉമ തോമസ്. രാവിലെ ഒൻപതോടെ സഭാഹാളിലെത്തിയ ഉമയെ ഡെസ്കിൽ അടിച്ചാണു പ്രതിപക്ഷത്തെ സഹപ്രവർത്തകർ വരവേറ്റത്. അവസാനത്തെ നിരയിലാണ് ഉമയുടെ സീറ്റ്. സീറ്റിൽ ഇരുന്നപാടേ പ്രതിഷേധവുമായി മറ്റുള്ളവർക്കൊപ്പം ഉമ എഴുന്നേറ്റു. രാഹുൽ ഗാന്ധിയുടെ ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തതിനെതിരെ ബാനറും പ്ലക്കാർഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയപ്പോൾ ബാനറിന്റെ ഒരറ്റത്തു പിടിച്ചു മുൻനിരയിൽത്തന്നെ ഉമ നിലയുറപ്പിച്ചു.
പ്രതിഷേധം കഴിഞ്ഞു മറ്റുള്ളവർക്കൊപ്പം സഭയിൽനിന്നു പുറത്തിറങ്ങുമ്പോൾ ‘ആദ്യ ദിവസം തന്നെ പ്രതിഷേധത്തിൽ മുങ്ങിയല്ലോ’ എന്നു പറഞ്ഞു കുശലാന്വേഷണവുമായി ഭരണപക്ഷത്തെ വനിതാ എംഎൽഎമാർ പരിചയപ്പെടാനെത്തി. കാനത്തിൽ ജമീലയും യു.പ്രതിഭയുമെല്ലാം സൗഹൃദം പങ്കിട്ടു. പിന്നീട് സഭയ്ക്കു പുറത്തെ പ്രതിപക്ഷ പ്രതിഷേധപരിപാടിയിലും ഉമ സജീവമായിരുന്നു. സഭയിൽ മന്ത്രിമാർ നേരിട്ടു മറുപടി നൽകുന്ന (നക്ഷത്ര ചിഹ്നമിട്ടവ) ചോദ്യങ്ങളൊന്നും ആദ്യദിനം ഉമയുടേതായി ഉണ്ടായിരുന്നില്ല. എന്നാൽ മറുപടി പിന്നീട് ലഭ്യമാക്കുന്ന (നക്ഷത്ര ചിഹ്നമിടാത്ത) ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. പി.ടി.തോമസ് സജീവമാക്കി നിർത്തിയ, കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് സംബന്ധിച്ചായിരുന്നു അതിലൊന്ന്. കേസന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, അന്വേഷണം ശരിയായ ദിശയിലാണെന്നു മുഖ്യമന്ത്രി മറുപടി നൽകി. എംഎൽഎ ഹോസ്റ്റൽ അനുവദിക്കാൻ വൈകുമെന്നതിനാൽ തൈക്കാട് ഗെസ്റ്റ് ഹൗസിലാണു താമസം.