തിലോദകമർപ്പിച്ച് പതിനായിരങ്ങൾ- ചിത്രങ്ങൾ
Mail This Article
തിരുവനന്തപുരം∙ പിതൃ പരമ്പരയുടെ മോക്ഷ പ്രാപ്തിക്കായി ബലി തർപ്പണം നടത്താൻ ജില്ലയിലെ ക്ഷേത്രങ്ങളിലും പുണ്യസ്നാന ഘട്ടങ്ങളിലും ആയിരങ്ങൾ എത്തി. വേർപിരിഞ്ഞു പോയ പ്രിയപ്പെട്ടവരുടെ ആത്മാവിന്റെ ശാന്തിക്കും മോക്ഷത്തിനുമായി വിശ്വാസികൾ ബലിച്ചോറു വിളമ്പി തർപ്പണം നടത്തി. ജില്ലയിലെ മിക്ക ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും കടവുകളിലും ചടങ്ങുകൾ നടന്നു. പിതൃ പൂജയും തിലഹോമവുമാണ് ക്ഷേത്രങ്ങളിൽ നടന്ന മറ്റു ചടങ്ങുകൾ. തിരുവല്ലം പരശുരാമ ക്ഷേത്രം, ശിവഗിരി മഠം, അരുവിപ്പുറം മഠം, അരുവിക്കര, വർക്കല പാപനാശം, ജനാർദ്ദന സ്വാമി ക്ഷേത്രം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം ബലിയിടൽ ചടങ്ങിനായി ആയിരക്കണക്കിനു പേരാണ് എത്തിച്ചേർന്നത്.
സുരക്ഷാ കാരണങ്ങളാൽ . ശംഖുമുഖത്ത് ഇത്തവണ ചടങ്ങുകൾ നടന്നില്ല. തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ ചടങ്ങുകൾ പുലർച്ചെ 2.30ന് ആരംഭിച്ചു. തലേന്നു തന്നെ ഒട്ടേറെ ഭക്തർ ചടങ്ങുകൾക്കായി നേരത്തെ തന്നെ എത്തിയിരുന്നു. കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി ബലി തർപ്പണചടങ്ങുകൾ നടത്തിയിരുന്നില്ല. ഇക്കുറി നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ ഒട്ടേറെ പേർക്കാണ് ബലിതർപ്പണ ചടങ്ങുകൾ നിർവഹിക്കാൻ അവസരം ലഭിച്ചത്. പ്രധാന കേന്ദ്രങ്ങളിലെല്ലാം സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനും പൊലീസിനെ നിയോഗിച്ചിരുന്നു. കെഎസ്ആർടിസിയും പ്രത്യേക സർവീസുകൾ നടത്തി.
ജനസാഗരമായി പാപനാശവും ശിവഗിരിയും
വർക്കല∙ കർക്കടകവാവിനോട് അനുബന്ധിച്ചു പിതൃതർപ്പണം ചടങ്ങുകൾക്കു ജനാർദനസ്വാമി ക്ഷേത്രവും പാപനാശം തീരവും ജനസാഗരമായി. പിതൃക്കളുടെ ആത്മശാന്തിക്കും ദോഷനിവാരണത്തിനുമായി പതിനായിരങ്ങൾ പിതൃദേവ സങ്കൽപ്പത്തിലുള്ള ജനാർദനസ്വാമിയെ വണങ്ങി തർപ്പണം നടത്തി. ബുധനാഴ്ച രാത്രി 9 മണിക്കു ശേഷമാണു തർപ്പണം തുടങ്ങിയത്. കഴിഞ്ഞദിവസം രാത്രി മുതൽ ഭക്തരെത്തിത്തുടങ്ങി.
വ്യാഴം പുലർച്ചെ 3 മണിക്കു ശേഷം നട തുറന്നു തിലഹവനം ആരംഭിച്ചു. രാവിലെ 10 മണി വരെ തിരക്കു തുടർന്നു. ദേവസ്വം ബോർഡിന്റെ ബലിമണ്ഡപത്തിൽ ഒരു സമയം മുന്നൂറോളം പേർക്കു ബലിയിടാൻ സൗകര്യമൊരുക്കിയിരുന്നു. ദേവസ്വം അംഗീകാരം നൽകിയ നൂറോളം പരികർമികൾ തയാറാക്കിയ ബലിത്തറകളിലും ആയിരത്തോളം പേർക്ക് ഒരുമിച്ചു ചടങ്ങു നടത്താനായി. പുലർച്ചെ മുതൽ തിരക്ക് ഏറിയതിനാൽ വർക്കല–പുത്തൻചന്ത റോഡ്, പുന്നമൂട്, കൈകളി ജംക്ഷൻ എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
വർക്കല∙ കർക്കടകവാവ് ബലിതർപ്പണത്തിന് വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് വിശ്വാസികളാണ് ശിവഗിരിയിലെത്തിയത്. ശിവഗിരി മഠത്തിലെ സന്ന്യാസിമാരും ബ്രഹ്മചാരികളും മറ്റു വൈദികരും കാർമികത്വം വഹിച്ചു. എല്ലാവർക്കും പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരുന്നു. ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ട്രസ്റ്റ് ബോർഡ് അംഗങ്ങളായ സ്വാമി വിശാലാനന്ദ, സ്വാമി ഗുരുപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി. ബലിതർപ്പണത്തിന് സ്വാമി ശിവനാരായണ തീർഥ, ശാന്തിമാരായ വി.മനോജ്, രമാനന്ദൻ എന്നിവർ കാർമികത്വം വഹിച്ചു.