കാട്ടാക്കട ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം; ബോർഡുകളും അനധികൃത പാർക്കിങ്ങും വ്യാപകം
Mail This Article
കാട്ടാക്കട ∙ ഓണം പടിവാതിൽക്കൽ എത്തിയതോടെ കാട്ടാക്കട പട്ടണം ഗതാഗത കുരുക്കിൽ. വാഹനങ്ങളുമായി റോഡിൽ ഇറങ്ങിയാൽ മണിക്കൂറുകൾ റോഡിൽ കുടുങ്ങി കിടക്കേണ്ട സ്ഥിതി. വീതി കുറഞ്ഞ റോഡിന് ഇരുവശത്തുമുള്ള അനധികൃത പാർക്കിങ്ങും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകളും നടപ്പാതകൾ കയ്യേറി വഴിയോര കച്ചവടവും കടകളിൽ നിന്നു റോഡിലേക്ക് സാധനങ്ങൾ ഇറക്കിവച്ചും പട്ടണത്തിലെ കുരുക്ക് രൂക്ഷമാക്കി. കാൽനട യാത്രികർക്ക് സഞ്ചരിക്കാൻ കഴിയാത്ത നിലയിൽ നടപ്പാത മുഴുവൻ കച്ചവടക്കാർ കയ്യടക്കി.
ഇന്നലെ രാവിലെ 9 മണിയോടെ ആരംഭിച്ച ഗതാഗത കുരുക്ക് ഒരു വിധം നേരെ ആയത് ഉച്ചയ്ക്ക് 1 മണിയോടെ. അതുവരെ പട്ടണത്തിൽ സഞ്ചരിച്ചവരൊക്കെ വഴി നീളെ മണിക്കൂറുകൾ കുടുങ്ങി കിടന്നു. പൊലീസും ഹോം ഗാർഡും പടിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഗതാഗത കുരുക്ക് ഒഴിവാക്കാൻ മണിക്കൂറുകൾ എടുത്തു. വൈകിട്ട് 4 മണിയോടെ വീണ്ടും പട്ടണത്തിൽ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ഇടവിട്ടുള്ള മഴ കൂടിയായപ്പോൾ യാത്ര ദുഷ്കരമായി.
ഏറെ വലഞ്ഞത് കാൽനട യാത്രികർ. നടപ്പാതകൾ മുഴുവൻ കച്ചവടവും പാർക്കിങ്ങും. ഇവർക്ക് റോഡിലിറങ്ങി നടക്കേണ്ട സ്ഥിതി. വിദ്യാർഥികളും ഉദ്യോഗസ്ഥരുമടക്കം ആയിരങ്ങൾ ദിവസവും വന്നുപോകുന്ന പട്ടണത്തിൽ കാൽനടയാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. മാർക്കറ്റ് റോഡ്, കോളജ് റോഡ്,നെയ്യാറ്റിൻകര റോഡ് എന്നിവിടങ്ങളിൽ റോഡിന്റെ ഇരുവശവും അനധികൃത പാർക്കിങ്ങും നടപ്പാതകൾ കയ്യേറിയുള്ള കച്ചവടവും ഗതാഗത കുരുക്ക് രൂക്ഷമാക്കി.
പട്ടണത്തിൽ ഗതാഗത കുരുക്ക് പതിവാണ്. ഓണം അടുത്തതോടെ തിരക്ക് വർധിച്ചു. വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്നവർ റോഡിന്റെ പല ഭാഗത്തായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പ്രതിസന്ധിയെന്ന് പൊലീസ് പറയുന്നു.നടപാതകൾ കയ്യേറിയുള്ള കച്ചവടങ്ങളും അനധികൃത പാർക്കിങ്ങും നിയന്ത്രിക്കാൻ പൊലീസ് ഒന്നും ചെയ്യുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഇനിയുള്ള ദിവസങ്ങൾ പട്ടണവും പരിസര പ്രദേശങ്ങളും കൂടുതൽ തിരക്കിൽപെടും. ഇത് മുന്നിൽ കണ്ട് ഇട റോഡുകളിൽ ഉൾപ്പെടെ കൂടുതൽ പൊലീസിനെ നിയോഗിച്ച് ഗതാഗതം സുഗമമാക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.