ADVERTISEMENT

കൊല്ലം/പാറശാല ∙  മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കടന്ന് 14 വയസ്സുകാരനെ തമിഴ്നാട് സംഘം തട്ടിക്കൊണ്ടുപോയി. കെ‍ാട്ടിയം കണ്ണനല്ലൂർ വാലിമുക്ക് കിഴവൂർ ഫാത്തിമാ മൻസിലിൽ ആസാദിന്റെ മകൻ ആഷിക്കിനെയാണ് തിങ്കളാഴ്ച വൈകിട്ട് 6.30ന് കാറുകളിലെത്തിയ തമിഴ്നാട് സ്വദേശികൾ അടങ്ങുന്ന ആറംഗ സംഘം റാഞ്ചിയത്. തടഞ്ഞ സഹോദരിയെയും അയൽവാസിയെയും സംഘം അടിച്ചു വീഴ്ത്തി. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പൊലീസ് ഏകോപിച്ചു നടത്തിയ ദ്രുതനീക്കത്തിലൂടെ 5 മണിക്കൂറിനു ശേഷം രാത്രി 11.30 ന് പാറശാലയിൽ സംഘത്തെ തടഞ്ഞു; അബോധാവസ്ഥയിലായിരുന്ന കുട്ടിയെ മോചിപ്പിച്ചു. തട്ടിക്കൊണ്ടുപോകൽ സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നതിന് വെറും 100 മീറ്റർ മുൻപാണ് സംഘത്തെ തടഞ്ഞത്.

ബിജു

സംഭവങ്ങൾ ഇങ്ങനെ:

∙ വൈകിട്ട് 6.30: ആസാദും ഭാര്യ ഷീജയും വീട്ടിലില്ലാത്തപ്പോൾ 2 കാറുകളിലായി ആറംഗസംഘം എത്തി. സംഘത്തിൽ 9 പേരെന്നും സംശയം. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നു വ്യക്തമായതോടെ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം. തമിഴ്നാട് സ്വദേശിയുടെ കാർ വാടകയ്ക്കെടുത്താണ് സംഘം എത്തിയത്.

∙ രാത്രി 8.20: തമിഴ്നാട് റജിസ്ട്രേഷനുള്ള കാറിൽ കുട്ടിയെ കടത്തുന്നതായി വിവരം എല്ലാ സ്റ്റേഷനുകളിലും ലഭിച്ചു. വ്യാപക പരിശോധന തുടങ്ങി.

∙ 8.36: കാർ കഴക്കൂട്ടം കടന്നു.

∙ 8.53: കാർ പൂവാർ സ്റ്റേഷൻ പരിധിയിൽ. 

∙ രാത്രി 10: പെ‍ാലീസ് ജീപ്പ് പിന്തുടർന്നതോടെ ഇട റോഡ് വഴി പട്യക്കാലയിൽ എത്തിയ സംഘം കാർ ഉപേക്ഷിച്ചു. കാറിന്റെ മുൻഭാഗം ഇടിച്ചു തകർന്ന നിലയിലായിരുന്നു. സമീപ ജംക്‌ഷനിൽ നടന്നെത്തിയ സംഘം ഇവിടെനിന്ന് ഓട്ടോ പിടിച്ചു. കുട്ടി മദ്യപിച്ച് അബോധാവസ്ഥയിലായെന്നാണ് ഓട്ടോ ഡ്രൈവറോടു പറഞ്ഞത്.

∙ 10.00: പൂവാറിൽ പൊലീസിനെ വെട്ടിച്ചു കടന്നതോടെ തമിഴ്നാട് അതിർത്തിയിലേക്കുള്ള പ്രധാന പാതകളിലും ഇടറോഡുകളിലും പൊലീസ് പരിശോധന ശക്തമാക്കി.

∙ 11.30: പാറശാല കോഴിവിളക്കു സമീപം പെ‍ാലീസ് ഒ‍ാട്ടോ തടഞ്ഞു. ഓട്ടോയിൽ ആഷിക്കും 2 പേരും. ഓടിയ ഇവരിൽ ഒരാളെ പൊലീസ് പിന്തുടർന്നു പിടികൂടി.  കന്യാകുമാരി കാട്ടാത്തുറ തെക്കയിൽ പുലയൻവിളയിൽ ബിജു (30) ആണ് പിടിയിലായത്. കടന്നുകളഞ്ഞ ആൾ ഫിസിയോതെറപ്പിസ്റ്റ് ആണെന്ന് സംശയമുണ്ട്. ഒ‍ാട്ടോയിൽ അബോധാവസ്ഥയിൽ കണ്ട ആഷിക്കിനെ പൊലീസ് രക്ഷപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com