നവരാത്രി വിഗ്രഹങ്ങൾക്ക് ബാലരാമപുരത്ത് ആചാരപ്പെരുമയിൽ ഭക്തിനിർഭര വരവേൽപ്
Mail This Article
ബാലരാമപുരം∙ തമിഴ്നാട്ടിൽ നിന്ന് തലസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലേക്ക് പ്രയാണമാരംഭിച്ച നവരാത്രി വിഗ്രഹങ്ങൾക്ക് ബാലരാമപുരത്ത് നാട്ടുകാർ ആചാരപ്പെരുമയോടെ ഭക്തിനിർഭരമായ വരവേൽപ് നൽകി. രാവിലെ 10 മണിയോടെ ഗ്രാമപ്പഞ്ചായത്ത് അതിർത്തിയായ വഴിമുക്കിൽ എത്തിയ ഘോഷയാത്ര ബാലരാമപുരത്തെ വിശ്രമത്തിനും ഭക്ഷണത്തിനും ശേഷം 11.30 ന് യാത്ര തുടർന്നു. ഭക്തജനങ്ങളുടെ വലിയ നിരതന്നെ നവരാത്രി വിഗ്രഹങ്ങളെ ദർശിക്കാനും പൂജ നടത്താനും ദേശീയപാതയ്ക്ക് ഇരുവശവും എത്തിയിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി തട്ടപൂജകളുടെ എണ്ണം കൂടിയതോടെ പലയിടത്തും ഘോഷയാത്ര വൈകിയാണ് എത്തിയത്.
വിഗ്രഹങ്ങൾ എത്തുന്നതും കാത്ത് ദേശീയപാതയ്ക്ക് ഇരുവശവും വൻജനാവലി തടിച്ചുകൂടി. ഓരോ സ്ഥലത്തും തട്ടപൂജകൾ നടത്തിയാണ് ഘോഷയാത്ര നീങ്ങിയത്. വ്യക്തികൾ, കുടുംബങ്ങൾ, സ്ഥാപനങ്ങൾ, സംഘടനകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ റോഡിന് ഇരുവശവും അലങ്കരിച്ചായിരുന്നു നവരാത്രി വിഗ്രഹങ്ങളെ വരവേറ്റത്. രാവിലെ 8മണിയോടെ നെയ്യാറ്റിൻകരയിൽ നിന്നാരംഭിച്ച ഘോഷയാത്രയ്ക്ക് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സുരക്ഷയൊരുക്കി. ഉച്ചയ്ക്ക് രണ്ടുമണിയോടെ നേമത്ത് ഇറക്കിപ്പൂജയ്ക്കും ഭക്ഷണത്തിനും ശേഷം 3 മണിയോടെ നഗരത്തിലേക്ക് പ്രയാണം ആരംഭിച്ചു.
മാരായമുട്ടം നീലകേശി ക്ഷേത്രം: നവരാത്രി
നെയ്യാറ്റിൻകര ∙ മാരായമുട്ടം നീലകേശി ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും വിജയദശമി വിദ്യാരംഭവും ഇന്നു മുതൽ 5 വരെ നടത്തും. ഉത്സവ ദിനങ്ങളിൽ പുഷ്പാഭിഷേകം, കുങ്കുമാർച്ചന, സഹസ്രനാമാർച്ചന, നിറമാല സമർപ്പണം, ഭാഗ്യ സൂക്താർച്ചന തുടങ്ങിയവ നടത്തും. വിജയദശമി ദിനത്തിൽ വിദ്യാരംഭവും നാമസങ്കീർത്തന അർച്ചനയും നടത്തും.
മരുതത്തൂർ മഹാലക്ഷ്മി ക്ഷേത്രം
നെയ്യാറ്റിൻകര ∙ മരുതത്തൂർ മഹാലക്ഷ്മി ക്ഷേത്രത്തിലെ നവരാത്രി വിജയദശമി ഉത്സവം ഇന്നു മുതൽ 5 വരെ നടത്തും. 3ന് പുസ്തകപൂജ. 4ന് ഉച്ചയ്ക്ക് 12.30ന് അന്നദാന സദ്യ, വൈകിട്ട് 5ന് ഐശ്വര്യ പൂജ, തുടർന്ന് ആയുധ പൂജ. 5ന് രാവിലെ ഏഴിന് ആചാര്യൻ സന്തോഷ് രാജശേഖരന്റെ നേതൃത്വത്തിൽ വിദ്യാരംഭം. വിദ്യാരംഭത്തിൽ പങ്കെടുക്കാൻ, ഫോൺ: 7907685256