നെടുമുടി വേണു വിട പറഞ്ഞിട്ട് ഒരാണ്ട്; ‘തമ്പി’ൽ ഓർമകളുടെ ആരവം !
Mail This Article
തിരുവനന്തപുരം ∙ ഇൗ നഗരത്തോടായിരുന്നു നെടുമുടി വേണുവിന് കമ്പം. തന്നെ നടനാക്കി മാറ്റിയ തിരുവനന്തപുരത്ത് സ്ഥിര താമസമാക്കണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ വീടു വച്ച് അതിന് ‘തമ്പ്’ എന്നു പേരു നൽകി. തമ്പിൽ സന്തോഷത്തോടെ ഒത്തിരി കാലം പാർത്തു. തമ്പിലിപ്പോൾ വേണുവില്ല. അദ്ദേഹം വിട പറഞ്ഞിട്ട് ഇന്ന് ഒരു വർഷം . നെടുമുടിയുടെ ഓർമ പുതുക്കാൻ ഇന്നു സുഹൃത്തുക്കളും കലാപ്രേമികളും ഒത്തുചേരും. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നെടുമുടി വേണുവിന്റെ വിയോഗം അപ്രതീക്ഷിതമായിരുന്നു.
കരളിലെ കാൻസർ ബാധയെത്തുടർന്നായിരുന്നു അന്ത്യം. മൂന്നു തവണ ശസ്ത്രക്രിയ ചെയ്തിട്ടും ഫലമുണ്ടായില്ല. കരൾ മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. പത്നി ടി.ആർ.സുശീല കരൾ പകുത്തു നൽകാൻ തയാറായിരുന്നുവെങ്കിലും നെടുമുടി സമ്മതം നൽകിയില്ല. ‘‘ ആയുസ്സ് വില കൊടുത്തു വാങ്ങിയാലും വലിയ ഫലം ചെയ്യില്ല. ജനനത്തിന് സ്വാഭാവികമായ മരണമുണ്ട്. അത് നടക്കേണ്ട സമയത്തു നടക്കും’’. –ഇതായിരുന്നു നെടുമുടി വേണുവിന്റെ നിലപാട്. അദ്ദേഹമത് പലവട്ടം ആവർത്തിക്കുകയും ചെയ്തു. അര നൂറ്റാണ്ടോളം സിനിമയിലും നാടകത്തിലുമായി തിളങ്ങി നിന്ന നടനായിരുന്നു . അഞ്ഞൂറിലേറെ സിനിമകളിൽ വേഷമിട്ടു. വില്ലനായും സഹനടനായും സ്വഭാവനടനായുമൊക്കെ ഒട്ടേറെ പകർന്നാട്ടങ്ങൾ.
അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷക മനസ്സിൽ പ്രതിഷ്ഠിച്ച അഭിനേതാവ്. സ്കൂൾ പഠനകാലത്ത് നാടകങ്ങൾ എഴുതി. കോളജ് കാലത്തിനുശേഷം കുറച്ചുകാലം പത്രപ്രവർത്തകനായും പാരലൽ കോളജ് അധ്യാപകനായും പ്രവർത്തിച്ചു. പിന്നീട് പ്രഫഷനൽ നാടകങ്ങളുടെ ഭാഗമായി. നെടുമുടിയിൽ നിന്നു തിരുവനന്തപുരത്തേക്ക് താമസം മാറിയ ശേഷമാണ് നടനെന്ന നിലയിൽ പ്രശസ്തനാകുന്നത്. സൗഹൃദം പകർന്നു നൽകിയ പിൻബലത്തിലാണ് അദ്ദേഹം ഇവിടെ പാർപ്പുറപ്പിച്ചത്. കാവാലം, അരവിന്ദൻ, പത്മരാജൻ, ഭരതൻ, ഭരത് ഗോപി തുടങ്ങിയവരുമായുള്ള ബന്ധവും സൗഹൃദവും ആഴത്തിലുള്ളതായിരുന്നു.
1978 ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പിലൂടെ അരങ്ങേറ്റം. ഭരതന്റെ ആരവത്തിലൂടെ മികച്ച നടനെന്ന പേരെടുത്തു. ഭരതന്റെ സംവിധാനത്തിൽ തന്നെ ഒരുങ്ങിയ ‘തകര’യിലെ ചെല്ലപ്പനാശാരി എന്ന കഥാപാത്രത്തിലൂടെ നെടുമുടി വേണു താരപരിവേഷം നേടിയെടുത്തു. പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രം കാരക്ടർ വേഷങ്ങളിലേക്കുള്ള ചുവടുവയ്പ്പായി. സ്വതസിദ്ധമായ അഭിനയവും സംഭാഷണ ശൈലിയും വ്യത്യസ്തമായ ശരീരഭാഷയും നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തേകുകയും ചെയ്തു. നാടകവും തനതുനാടകപ്പാട്ടുകളും ശീലുകളും മൃദംഗവും ഹരമായിരുന്നു. പാച്ചി എന്ന തൂലികാനാമത്തിൽ കഥയും തിരക്കഥയും ഒരുക്കിയിരുന്നു. ‘പൂരം’ എന്ന സിനിമ സംവിധാനം ചെയ്തു. സംസ്ഥാന, ദേശീയ പുരസ്കാരങ്ങളും മറ്റു ബഹുമതികളും നേടി.