ADVERTISEMENT

പാറശാല∙ കഷായവും ജൂസും കുടിച്ച് യുവാവ് മരിച്ച സംഭവത്തിലെ ദുരൂഹത പെ‍ാലീസിനു കീറാമുട്ടിയാകും. സുഹൃത്തായ പെൺകുട്ടിയുടെ വീട്ടിൽ നിന്ന് നൽകിയ കഷായം, ജ്യൂസ് എന്നിവയാണ് മരണകാരണം എന്ന് ബന്ധുക്കൾ ആരോപിക്കുമ്പോഴും വ്യക്തമായ തെളിവില്ലാത്ത സ്ഥിതിയിൽ ആണ് അന്വേഷണ ഉദ്യേ‍ാഗസ്ഥർ. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പാറശാല പെ‍ാലീസ് കേസെടുത്തിരിക്കുന്നത്. ആസിഡ് കലർന്ന പാനീയം ആണ് നൽകിയതെന്ന് യുവാവിന്റെ ബന്ധുക്കളുടെ ആരോപണം ഉറപ്പിക്കുന്ന ശാസ്ത്രീയ തെളിവുകൾ ഒന്നും പെ‍ാലീസിനു ലഭിച്ചിട്ടില്ല. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരും മരണ കാരണത്തിൽ വിഷാംശം ഉൾപ്പെട്ട കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും സൂചനകൾ ഉണ്ട്.

മുര്യങ്കര ജെ.പി ഹൗസിൽ ജയരാജിന്റെ മകൻ നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർഥി ജെ.പി ഷാരോൺരാജാണ് ചെ‍ാവ്വാഴ്ച വൈകിട്ട് മരിച്ചത്. 14ന് രാവിലെ ഷാരോൺരാജും സുഹൃത്ത് റെജിനും രാമവർമൻചിറയിലുള്ള സുഹൃത്തായ പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു. റെജിനെ പുറത്ത് നിർത്തി ഷാരോൺ ഒറ്റയ്ക്കാണ് വീട്ടിലേക്ക് പോയത്. അൽപ സമയം കഴിഞ്ഞ് ചർദ്ദിച്ച് അവശനിലയിൽ ഷാരോൺരാജ് പുറത്തേക്ക് എത്തി. പെൺകുട്ടി നൽകിയ പാനീയം കഴിച്ച ഉടൻ ചർദ്ദിൽ അനുഭവപ്പെട്ടതായി റെജിനോടു പറഞ്ഞ ശേഷം വീട്ടിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. 

അടുത്ത ദിവസം വായ്ക്കുള്ളിൽ വ്രണങ്ങൾ രൂപപ്പെട്ട് വെള്ളം പോലും കുടിക്കാ‍ൻ കഴിയാത്ത സ്ഥിതിയിലേക്ക് മാറി. 17ന്  മെ‍ഡിക്കൽ കോളജ് ആശുപത്രിയിലെ പരിശോധനകളിൽ വ്യക്കകളുടെ പ്രവർത്തനശേഷി കുറഞ്ഞതായി തെളിഞ്ഞു. അടുത്ത ദിവസങ്ങളിൽ മിക്ക ആന്തരികാവയവങ്ങളുടെയും പ്രവർത്തനം മോശമായി.  ഒൻപത് ദിവസത്തിനുള്ളിൽ അഞ്ച് തവണ ഡയാലിസിസ് നടത്തിയെങ്കിലും വെന്റിലേറ്ററിലേക്കു മാറ്റേണ്ടി വന്നു . പിന്നാലെ മരണവും.

അജ്ഞാതൻ നൽകിയ ജ്യൂസ് കഴിച്ച് സ്കൂൾ വിദ്യാർഥി  സമാനത രീതിയിൽ സമീപത്തു മരിച്ചതിനു പിന്നാലെയാണ് ഷാരോണിന്റെ മരണം എന്നത് വാർത്തയായി.. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ ബസ് കാത്ത് നിൽക്കവേ യൂണിഫോം ധരിച്ചെത്തിയ വിദ്യാർഥി നൽകിയ ജ്യൂസ് കഴിച്ച് അവശ നിലയിൽ 23 ന് ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് കളിയിക്കാവിള മെതുകമ്മൽ സ്വദേശി അശ്വിൻ (11) ന്റെ മരണം. ആതംകോടുള്ള സ്വകാര്യ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ആയിരുന്നു.

സെപ്റ്റംബർ 24ന് ആണ് സംഭവം. രണ്ട് സംഭവങ്ങളും നടന്നത് വ്യത്യസ്ത സാഹചര്യങ്ങളിൽ ആണെങ്കിലും മരണത്തിലേക്ക് എത്തിയത് ഏറെക്കുറെ ഒരേ രീതിയിൽ ആണ്. പാനീയം കുടിച്ച ആദ്യദിവസം നേരിയ അസ്വസ്ഥതകൾ അനുഭവപ്പെട്ട ഇരുവരുടെയും ആന്തരികാവയവങ്ങൾ ക്രമേണ തകരാറിലായി മരണം സംഭവിക്കുക ആയിരുന്നു. അശ്വിന്റെ മരണവുമായി ബന്ധപ്പെട്ട്  തമിഴ്നാട് സിബിസിഐഡി അന്വേഷണം നടത്തുന്നു

ഷാരോണിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ ഏതു തരത്തിൽ ഉള്ള അന്വേഷണം വേണം എന്ന് തീരുമാനിക്കാൻ കഴിയൂ എന്നു പൊലീസ് പറഞ്ഞു.. യുവാവ് മരിക്കുന്നതിനു അഞ്ച് ദിവസം മുൻപ് മെഡിക്കൽകോളജിലെ ഡോക്ടർമാർ സംശയം അറിയിച്ചതിനെ തുടർന്ന് പാറശാല പെ‍ാലീസും മജിസ്ട്രേറ്റും ഷാരോണിന്റെ മെ‍ാഴി രേഖപ്പെടുത്തിയിരുന്നു. യുവാവ് മരിച്ച ദിവസം തന്നെ പ‍െ‍‌ാലീസ് രാമവർമൻചിറയിലുള്ള പെൺകുട്ടിയുടെ വീട്ടിൽ എത്തി വിവരങ്ങൾ ശേഖരിച്ചു. പെൺകുട്ടി നൽകിയ മെ‍ാഴിയിലെ പെ‍ാരുത്തക്കേടുകൾ സംബന്ധിച്ച് വിശദമായി പരിശോധന ഉദ്യേ‍ാഗസ്ഥർ ആരംഭിച്ചിട്ടുണ്ട്. 

നടുവേദനയ്ക്ക് താൻ കുടിക്കുന്ന കഷായം ആണ് നൽകിയതെന്നും നേരത്തെ ഷാരോണുമായി പരിചയമുണ്ടെന്നും യുവതി സമ്മതിച്ചതായി പെ‍ാലീസ് വ്യക്തമാക്കുന്നു. സംഭവ ദിവസം ഷാരോണിനെ പെൺകുട്ടിയുടെ വീട്ടിൽ എത്തിച്ച റെജിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. വീട്ടിൽ നിന്ന് ചർദ്ദിച്ച് അവശനായ നിലയിൽ‌ ആണ് ഷാരോൺ വീട്ടിൽ നിന്ന് ഇറങ്ങിയതിന്റെ പ്രധാന സാക്ഷി റെജിൻ ആണ്. ഒട്ടേറെ ചോദ്യങ്ങൾ ഉയരുന്നന കേസിൽ ശാസ്ത്രീയ തെളിവുകൾക്കു ആണ് പ്രഥമ സ്ഥാനം എന്ന നിലയിൽ ആണ് അന്വേഷണം എത്തി നിൽക്കുന്നത്.

കേസിൽ പെ‍ാലീസ് നടത്തുന്ന അന്വേഷണത്തിൽ തൃപ്തി ഇല്ലെന്നാണു ഇന്നലെ ഷാരോണിന്റെ ബന്ധുക്കളുടെ പ്രതികരണം.  വ്യക്തമായ തെളിവുകൾ ഇല്ലാതെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ‌ആദ്യഘട്ടത്തിൽ ആരെയും പ്രതിസ്ഥാനത്ത് നിർത്താൻ കഴിയില്ലെന്നാണ് പെ‍ാലീസിന്റെ വിശദീകരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com