ആക്കുളം സാഹസിക വിനോദ പാർക്ക് ഇന്ന് തുറക്കും
Mail This Article
ശ്രീകാര്യം∙ ജില്ലയിലെ ആദ്യത്തെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സാഹസിക വിനോദ സഞ്ചാര പാർക്ക് ഇന്ന് വിനോദ സഞ്ചാരികൾക്കായി തുറന്നു കൊടുക്കും. വിനോദ സഞ്ചാരികൾക്ക് ആകാശ സൈക്കിളിങ്, സിപ് ലൈൻ, ബലൂൺ കാസിൽ, ബർമ ബ്രിജ്, ബാംബൂ ലാഡർ, ഫിഷ് സ്പാ, കുട്ടികൾക്കായുള്ള ബാറ്ററി കാറുകൾ, മ്യൂസിക്കൽ ഫൗണ്ടൻ, എയർ ഫോഴ്സ് മ്യൂസിയവും കോക്പിറ്റിന്റെ ചലിക്കുന്ന മാതൃകയും, കുട്ടവഞ്ചി സവാരി തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധനകൾ നടത്തി പാലിക്കേണ്ട എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചാണ് പാർക്ക് പ്രവർത്തനം ആരംഭിക്കുന്നത്. പാർക്കിലേക്ക് ഉദ്ഘാടന ദിവസം നാലു മണി മുതൽ എല്ലാ സാഹസിക വിനോദ റൈഡുകളിലും സൗജന്യ പ്രവേശനം ലഭിക്കും.
പുതുവത്സരം വരെ സാഹസിക വിനോദങ്ങൾ അടക്കമുള്ള പ്രവേശനങ്ങളിൽ പൊതുജനങ്ങൾക്ക് 30 ശതമാനവും കുട്ടികൾക്ക് 40 ശതമാനവും ഇളവ് ലഭിക്കും.ആക്കുളം ബോട്ട് ക്ലബ് പരിസരത്ത് പുതുതായി ആരംഭിക്കുന്ന സിനിമാ സൗഹൃദ കഫെയുടെ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.