ഇനി ആ ചിരി മാത്രം ഓർമ!; കൊച്ചുപ്രേമന് അന്ത്യാഞ്ജലിയേകി തലസ്ഥാനം
Mail This Article
തിരുവനന്തപുരം ∙ ഇനി ആ ചിരി മാത്രം ഓർമ ! പ്രേക്ഷകർക്കായി ഒരുപിടി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച് കലാലോകത്ത് വിട പറഞ്ഞ നടൻ കൊച്ചുപ്രേമന് തലസ്ഥാന നഗരി അന്ത്യാഞ്ജലിയേകി. ഇന്നലെ രാവിലെ 11 ന് തൈക്കാട് ഭാരത് ഭവനിൽ പൊതു ദർശനത്തിന് വച്ച ഭൗതിക ശരീരത്തിൽ മന്ത്രിമാരായ ജി.ആർ അനിൽ, വി. ശിവൻകുട്ടി, എംഎൽഎമാരായ മുകേഷ്, വി.കെ പ്രശാന്ത്, ജി. സ്റ്റീഫൻ, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മേയർ ആര്യ രാജേന്ദ്രൻ, എം.വിജയകുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, തുളസീദാസ്, വയലാർ മാധവൻകുട്ടി, മഞ്ജു പിള്ള, ചിപ്പി, സോനാ നായർ, കന്യ, രഞ്ജിത്ത്, അഴകപ്പൻ, കിരീടം ഉണ്ണി, മേഘ്ന വിൻസെന്റ്, മായാ വിശ്വനാഥ് തുടങ്ങി ഒട്ടേറെപ്പേർ ആദരാഞ്ജലി അർപ്പിച്ചു.
നേരത്തെ കൊച്ചുപ്രേമന്റെ വസതിയായ വലിയവിളയിലെ ചിത്തിരയിലും മൃതശരീരം പൊതുദർശനത്തിന് വച്ചു. ഇവിടെയും ഒട്ടേറെ പേർ ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. താരസംഘടനയായ അമ്മ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫെഫ്ക, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ ഉൾപ്പെടെ ഒട്ടേറെ സംഘടനകൾ കൊച്ചുപ്രേമന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. 12.30 ന് തൈക്കാട് ശാന്തി കവാടത്തിൽ മകൻ ഹരികൃഷ്ണൻ അന്ത്യ കർമങ്ങൾ ചെയ്തു. മരണാനന്തര ചടങ്ങ് 9ന് രാവിലെ 8.30ന് സ്വവസതിയിൽ നടക്കും.