ട്രെയിൻ തട്ടിയ വയോധികയെ തോളിലേറ്റി പൊലീസുദ്യോഗസ്ഥൻ ഒാടിയത് 250 മീറ്റർ
Mail This Article
പാറശാല ∙ ആംബുലൻസിനു കാത്തുനിൽക്കാതെ ട്രെയിൻ തട്ടി അബോധാവസ്ഥയിൽ കണ്ട വയോധികയെ തോളിലേറ്റി സിവിൽ പൊലീസ് ഒാഫിസർ ഒാടിയത് 250 മീറ്ററോളം. റോഡിൽ പാർക്ക് ചെയ്തിരുന്ന പൊലീസ് വാഹനത്തിൽ നിമിഷനേരം കൊണ്ട് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇന്നലെ വൈകിട്ട് നാലിന് പരശുവയ്ക്കൽ റെയിൽവേ ട്രാക്കിനു സമീപം ആണ് അയിര ചൂരക്കുഴി വീട്ടിൽ കുഞ്ഞി(80)നെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
വയോധികയെ തട്ടിയ ട്രെയിനിന്റെ ലോക്കോ പൈലറ്റ് നൽകിയ വിവരത്തെത്തുടർന്നാണ് പാറശാല റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിപിഒ വൈശാഖ് അപകട സ്ഥലത്ത് എത്തുന്നത്. ട്രാക്കിനു സമീപത്തെ പുല്ലിൽ ബോധമില്ലാതെ കിടന്ന വയോധികയെ പരിശോധിച്ചപ്പോൾ നാഡിമിടിപ്പ് നിലച്ചിരുന്നില്ല. ആംബുലൻസ് എത്തുന്നത് സമയ നഷ്ടം സൃഷ്ടിക്കും എന്ന തിരിച്ചറിവിൽ പൊലീസ് വാഹനത്തിൽ തന്നെ ആശുപത്രിയിൽ എത്തിക്കാനായി ശ്രമം.
ട്രാക്കിൽ നിന്ന് റോഡിലേക്ക് വ്യക്തമായി വഴിയില്ലാത്തതിനാൽ വയോധികയെ എടുത്തുകൊണ്ട് രണ്ടു പേർക്ക് നടന്നു പോകാൻ സ്ഥലം ഉണ്ടായിരുന്നില്ല. ഇതോടെ ജീവൻ രക്ഷിക്കാൻ വയോധികയെ തോളിലേറ്റി 250 മീറ്റർ അകലെ റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിലേക്ക് വൈശാഖും ഒപ്പമുണ്ടായിരുന്ന സിപിഒയും ഒാടി. പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. വീട്ടിൽ നിന്ന് ഇറങ്ങി നടന്ന് വഴി തെറ്റി ട്രാക്കിലേക്ക് കയറിയതാണെന്നു സംശയിക്കുന്നു. തലയിൽ സാരമായി പരുക്കേറ്റിരുന്നു.