നെയ്യാറ്റിൻകര നഗരസഭാ കൗൺസിൽ യോഗം ബഹളമയം ,അലങ്കോലം
Mail This Article
നെയ്യാറ്റിൻകര ∙ വയോധികയുടെ സ്വത്തുക്കൾ തട്ടിയെടുത്ത സിപിഎം കൗൺസിലറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും നടത്തിയ പ്രതിഷേധത്തിൽ നഗരസഭ കൗൺസിൽ യോഗം അലങ്കോലമായി. കോൺഗ്രസും ബിജെപിയും ചേർന്നു ഭരണപക്ഷത്തെ തടഞ്ഞതും യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ നഗരസഭ ഓഫിസ് വളപ്പിലേക്ക് തള്ളിക്കയറിയതും മണിക്കൂറുകളോളം നെയ്യാറ്റിൻകരയെ മുൾമുനയിലാക്കി. ഒടുവിൽ പൊലീസ് എത്തി എല്ലാവരെയും അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
സിപിഎം കൗൺസിലർ സുജിൻ, തവരവിള സ്വദേശി ബേബിയുടെ സ്വത്തുക്കൾ തട്ടിയെടുത്തുവെന്ന സംഭവം വിവാദമായിരുന്നു. ഇതേ തുടർന്ന് കോൺഗ്രസും ബിജെപിയും പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു. ഇതിനിടെയിലാണ് പതിവ് നഗരസഭ കൗൺസിൽ യോഗം ചേർന്നത്.കൗൺസിലർ സുജിനെ പുറത്താക്കിയ ശേഷം മതി കൗൺസിൽ എന്നായിരുന്നു കോൺഗ്രസിന്റെയും ബിജെപിയുടെയും നിലപാട്. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ജെ.ജോസ് ഫ്രാങ്ക്ലിന്റെയും ബിജെപി, അവരുടെ നേതാവ് ഷിബുരാജ് കൃഷ്ണയുടെയും നേതൃത്വത്തിൽ ഇന്നലെ രാവിലെ തന്നെ കൗൺസിൽ കൂടുന്ന ഹാളിനു മുന്നിൽ പ്രതിഷേധവുമായി എത്തി.
സെക്രട്ടറി പങ്കെടുക്കാതിരിക്കാൻ ഇരു വിഭാഗവും വാതിലിനു മുന്നിൽ പ്രതിഷേധവുമായി എത്തിയെങ്കിലും ഭരണപക്ഷം അദ്ദേഹത്തെ മറ്റൊരിടത്തു കൂടി ഹാളിനുള്ളിൽ എത്തിച്ചു. കൗൺസിൽ യോഗം തുടങ്ങിയപ്പോൾ ബാനറുകളുമായി ബിജെപി പ്രവർത്തകർ നടുത്തളത്തിൽ എത്തി. ഇതോടെ ബഹളമായി. സാധാരണ മണിക്കൂറുകൾ നീളുന്ന കൗൺസിൽ ഇന്നലെ മിനിട്ടുകൾക്കുള്ളിൽ അവസാനിച്ചു.ഭരണപക്ഷ കൗൺസിലർമാരെ പുറത്തു വിടാതെ കോൺഗ്രസ് – ബിജെപി കൗൺസിലർമാർ പടിയിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
ഇടതു കൗൺസിലർമാർ കൂടുതൽ പ്രകോപനമുണ്ടാക്കാതെ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോ.സാദത്തിന്റെ മുറിയിൽ ഇരുന്നതും പൊലീസിന്റെ സാന്നിധ്യവും കാരണം അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. പിന്നീട് പൊലീസ് എത്തി ഇരു വിഭാഗത്തിലെയും കൗൺസിലർമാരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും യുവമോർച്ച പ്രവർത്തകരും ഒന്നു രണ്ടു തവണ നഗരസഭ വളപ്പിനുള്ളിൽ തള്ളിക്കയറി. ഇവർ കരിങ്കോടി വീശി. പൊലീസ് എത്തി ഇവരെയും പുറത്താക്കുകയായിരുന്നു.