വാഴിച്ചൽ നെല്ലിക്കാമലയിൽ തീ: മലമുകളിൽനിന്നും താഴേക്കു എത്തി, കാർഷികമേഖലയിൽ വൻ നാശം
Mail This Article
വെള്ളറട∙ വാഴിച്ചൽ വിലങ്ങുമലയ്ക്കു സമീപം നെല്ലാക്കാമലയുടെ മുകൾഭാഗത്ത് ചൊവ്വാഴ്ച വൈകിട്ട് കണ്ട തീ കാർഷിക മേഖലയിൽ നാശമുണ്ടാക്കി. സമീപ ഭാഗങ്ങളിലേക്ക് പടരുകയായിരുന്ന തീ ഇന്നലെ രാത്രിയോടെ ഭാഗികമായി നിയന്ത്രണ വിധേയമാക്കി. മല മുകളിൽ ആദ്യം കണ്ട തീ പിന്നീട് താഴേക്ക് നീളുകയായിരുന്നു.
അഗ്നിശമന സേനയും നാട്ടുകാരും പൊലീസും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ചില ഭാഗങ്ങളിൽ രാത്രി വൈകിയും തീ പടരുന്നുണ്ട്. അഗ്നിശമനസേനയുടെ വാഹനങ്ങൾക്ക് പ്രദേശത്തെത്തിച്ചേരാൻ സാധിക്കാത്തതാണ് പ്രധാന തടസ്സം. ഇതേവരെ തീപിടിച്ച ഭാഗം ജനവാസ മേഖലയല്ല. എന്നാൽ 300മീറ്റർ ചുറ്റളവിൽ വീടുകളുണ്ട്.
കുറച്ച് കൃഷി ഭൂമിയിലേക്ക് തീ പടർന്നിട്ടുണ്ട്. കൂടുതൽ പ്രദേശത്തേക്ക് പടരാതിരിക്കാനുള്ള സജ്ജീകരണങ്ങൾ നടത്തി. മുൻപും ഈ പ്രദേശത്ത് തീപിടിത്തം ഉണ്ടായിട്ടുണ്ട്. അതൊക്കെ അടിവാരത്തുനിന്നും മുകളിലേക്ക് പടർന്നതായിരുന്നു. സ്വകാര്യ തോട്ടങ്ങളിൽ അടിക്കാട് വെട്ടിത്തെളിച്ച് തീവയ്ക്കാറുള്ളത് കാറ്റിൽ അടുത്ത പ്രദേശങ്ങളിലേക്ക് പടരുന്നതായിരുന്നു ഇതിന് കാരണം. എന്നാൽ ഇക്കുറി മല മുകളിൽനിന്നുമാണ് തീ എത്തിയത്. മലയിലെ മുളങ്കാടുകളിൽ ഉണ്ടായ തീ ആണെന്നാണ് നാട്ടുകാരുടെ നിഗമനം.