ബ്രിട്ടിഷുകാർ വച്ചുപിടിപ്പിച്ച നിലമ്പൂർ ഗോൾഡൻ തേക്ക്: 113 വർഷം പഴക്കം, വില 40 ലക്ഷം; ചരിത്ര വില
Mail This Article
പാലോട് ∙ ബ്രിട്ടിഷുകാർ വച്ചുപിടിപ്പിച്ച, 113 വർഷം പഴക്കമുള്ള നിലമ്പൂർ ഗോൾഡൻ തേക്ക് 39.25 ലക്ഷം രൂപയ്ക്ക് ഇ ലേലത്തിൽ പോയത് ചരിത്ര വിലയായി. പാലോട് വൃന്ദാവനം ടിംബേഴ്സ് ഉടമ ഡോ. അജീഷ്കുമാറാണ് കഴിഞ്ഞ ദിവസം വനം വകുപ്പിന്റെ നെടുങ്കയം ഡിപ്പോയിൽ നിന്ന് മരത്തിന്റെ 3 കഷണങ്ങളും ലേലത്തിൽ സ്വന്തമാക്കിയത്. തടി ഇന്നലെ പാലോട് എത്തിച്ചു. ഇതോടെ ഏറ്റവും ഉയർന്ന വിലയ്ക്ക് നിലമ്പൂർ തേക്ക് സ്വന്തമാക്കിയ വ്യക്തി എന്ന പെരുമ അജീഷ്കുമാറിന് സ്വന്തം.
1909ൽ നെടുങ്കയം ഡിപ്പോ പരിസരത്ത് ബ്രിട്ടിഷുകാർ വച്ചു പിടിപ്പിച്ച സംരക്ഷിത തേക്ക് പ്ലാന്റേഷനിൽ നിന്ന് ഉണങ്ങി വീണതാണ് തേക്ക്. ഇതിനെ 8 ഘനമീറ്ററോളം വരുന്ന 3 കഷണങ്ങളാക്കിയാണു ലേലത്തിനു വച്ചത്. കയറ്റുമതി ഇനത്തിലെ ഈ തടി സർക്കാരിന്റെ 27% നികുതി ഉൾപ്പെടെ ഒരു കഷണത്തിന് മാത്രം 23 ലക്ഷം രൂപയാണ്. മറ്റു കഷണങ്ങൾക്ക് 11ലക്ഷവും 5.25 ലക്ഷവും വീതമാണ് വില. ഇതു തടിയുടെ മാത്രം വിലയാണ്. 15000 രൂപ ലോഡിങ് കൂലി അടക്കം 40 ലക്ഷത്തോളം ചെലവാണ്.