കോവളം ബീച്ചുകളുടെ നവീകരണം; 93 കോടി അനുവദിച്ചു
Mail This Article
തിരുവനന്തപുരം ∙ കോവളവും അതിനോടു ചേർന്നുളള ബീച്ചുകളും നവീകരിക്കാനും തീരസംരക്ഷണം ഉറപ്പാക്കാനും 93 കോടി രൂപയുടെ പ്രത്യേക പദ്ധതിക്കു മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള 3 ബീച്ചുകളുള്ള കോവളം ആഴക്കുറവും വേലിയേറ്റ തിരമാലകളും കാരണം ജനപ്രിയമാണ്. കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനു ലക്ഷ്യമിട്ടു 2 ഘട്ടമായാണു നവീകരണം നടക്കുക.
ഹവ്വാ ബീച്ച്, ലൈറ്റ് ഹൗസ് ബീച്ച് എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം, സൈലന്റ് വാലി സൺബാത്ത് പാർക്ക് നവീകരണം, കോർപറേഷൻ ഭൂമി വികസനം, കോർപറേഷൻ ഭൂമിയിലേക്കുള്ള യാത്രാ സൗകര്യം, ഐബി ബീച്ചിലേക്കുള്ള യാത്രാ സൗകര്യ വികസനം, ഐബി ബീച്ചിന്റെയും അടിമലത്തുറ ബീച്ചിന്റെയും അതിർത്തി നിർണയം, തെങ്ങിൻ തോട്ട ഭൂമി ഏറ്റെടുക്കൽ എന്നിവയാണ് ആദ്യ ഘട്ടത്തിൽ നടക്കുക. ഐബി ബീച്ചിന്റെയും അടിമലത്തുറ ബീച്ചിന്റെയും കൂടുതൽ വികസനം, തെങ്ങിൻ തോട്ട ഭൂമി വികസനം എന്നിവയാണ് രണ്ടാം ഘട്ടം. കിഫ്ബി തയാറാക്കി സമർപ്പിച്ച 93 കോടിയുടെ പദ്ധതി നടപ്പാക്കാനുള്ള സ്‌പെഷൽ പർപ്പസ് വെഹിക്കിളായി വാപ്‌കോസിനെ ചുമതലപ്പെടുത്തി.