ADVERTISEMENT

പാറശാല∙ശുദ്ധജലക്ഷാമം പരിഹരിക്കാൻ വാർഡുകളിൽ പഞ്ചായത്ത് സ്ഥാപിച്ച ടാങ്കുകൾ കാൺമാനില്ല. ആറു വർഷം മുൻപാണ് പാറശാല പഞ്ചായത്ത് ലക്ഷങ്ങൾ ചെലവിട്ട് വാർഡു തലങ്ങളിൽ ടാങ്കുകൾ സജ്ജമാക്കിയത്. 23 വാർഡുള്ള പഞ്ചായത്തിൽ അടിത്തറ വരെ നിർമിച്ച് നാൽപത്തിയെട്ട് ടാങ്കുകൾ വരെ സ്ഥാപിച്ചിരുന്നു.

ജലക്ഷാമം രൂക്ഷമായ ചില വാർഡുകളിൽ മൂന്നു ടാങ്കുകൾ വരെ എത്തിച്ചു. വെള്ളത്തിനു വേണ്ടി ടാങ്കർ ലോറികളുടെ വരവും നോക്കി ജനങ്ങളുടെ കാത്ത് നിൽപ്പ് ഒഴിവാക്കാൻ ലോറികളിൽ വെള്ളം എത്തിച്ച് ടാങ്കുകൾ സ്ഥിരമായി നിറച്ച ശേഷം വിതരണം നടത്തുന്നത് ആയിരുന്നു പദ്ധതി. ആദ്യ ഘട്ടത്തിൽ മികച്ച പ്രതികരണം ലഭിച്ചിരുന്നു. 

മഴക്കാലം എത്തിയതോടെ ജല ഉപയോഗം കുറഞ്ഞ സാഹചര്യത്തിൽ പല വാർഡുകളിൽ നിന്നും ടാങ്കുകൾ അപ്രത്യക്ഷമാകാൻ തുടങ്ങി. നിലവിൽ ഏതാനും വാർഡുകളിൽ മാത്രമേ ടാങ്കുകൾ ശേഷിക്കുന്നുള്ളൂ. ചില വാർഡുകളിൽ വിതരണം കാര്യക്ഷമമാക്കാൻ പൈപ്പ് കണക്‌ഷനും നൽകിയിരുന്നു.

ചെറുവാരക്കോണം വാർഡിൽ മൂന്നു ടാങ്കുകൾ സ്ഥാപിച്ചെങ്കിലും നിലവിൽ ലോ കോളജിനു സമീപമുള്ള ടാങ്ക് മാത്രം ആണ് ശേഷിക്കുന്നത്. വേനലിൽ ജലക്ഷാമം രൂക്ഷമായതോടെ പഴയ ജല സ്രോതസ്സുകളെ കുറിച്ച് പെ‍ാതു പ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ ആണ് ടാങ്കുകൾ കാണാതായ വിവരം അറിയുന്നത്.

ലക്ഷങ്ങൾ ചെലവിട്ട പദ്ധതിയിലെ ടാങ്കുകൾ കാണാതായിട്ടും പഞ്ചായത്ത് അധികൃതർ അറിഞ്ഞ ഭാവമില്ല. വരുന്ന മാസങ്ങളിൽ കുടിവെള്ളക്ഷാമം കൂടുതൽ രൂക്ഷമാകും എന്നിരിക്കെ പ്രാദേശിക ജലവിതരണത്തിനു സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com