ADVERTISEMENT

തിരുവനന്തപുരം ∙ വർക്കലയിൽ പാരാഗ്ലൈഡിങ് അപകടത്തിന്റെ പേരിൽ സാഹസിക വിനോദ സഞ്ചാരത്തെ നിരുത്സാഹപ്പെടുത്തുന്ന വിധം പൊലീസ് കേസെടുത്തു നടപടികളുമായി മുന്നോട്ടു പോകുന്നതിനെതിരെ ടൂറിസം വകുപ്പ്. സംസ്ഥാനത്തിന്റെ ടൂറിസം നയത്തിനെതിരാണു പൊലീസ് നടപടിയെന്നു കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി (കെഎടിപിഎസ്) സിഇഒ ബിനു കുര്യാക്കോസ് പറഞ്ഞു.

സർക്കാരിന്റെ മാനദണ്ഡങ്ങളെല്ലാം പാലിച്ചു പ്രവർത്തിക്കുന്ന പാരാഗ്ലൈഡിങ് സ്ഥാപനത്തിനെതിരെ നടപടിയെടുക്കുമ്പോൾ റജിസ്ട്രേഷൻ നൽകിയ കെഎടിപിഎസിൽ വിവരങ്ങൾ അന്വേഷിക്കുക പോലും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിൽ അപകടമുണ്ടായ പാരാഗ്ലൈഡർ പറത്തിയ ഫ്ലൈ വർക്കല അഡ്വഞ്ചറസ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന് ആവശ്യമായ സഹായം നൽക‍ുമെന്നും ബിനു കുര്യാക്കോസ് അറിയിച്ചു.

അപകടത്തിൽപ്പെട്ട യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ് എടുത്തതെന്നാണു വർക്കല പൊലീസിന്റെ വിശദീകരണം. എന്നാൽ, കോയമ്പത്തൂർ സ്വദേശിയായ യുവതി രേഖാമൂലം പൊലീസിനു പരാതി നൽകിയിട്ടില്ല. യാത്രയ്ക്കു മുൻപു തന്നെ അപകടത്തിന്റെ സാധ്യതകൾ വിശദീകരിച്ചുള്ള ഡിസ്ക്ലൈമർ ഫോമിൽ യുവതി ഒപ്പിട്ടിരുന്നതായി ടൂറിസം സൊസൈറ്റി പറയുന്നു. യുവതിയുമായി ടൂറിസം വകുപ്പ് ബന്ധപ്പെട്ടെങ്കിലും അപകടം സംബന്ധിച്ചു തനിക്കു പരാതിയില്ലെന്നാണ് അറിയിച്ചതെന്നും അവർ പറഞ്ഞു.

പാപനാശം ഭാഗത്തേക്കു പറക്കാൻ അനുമതിയില്ലെന്ന പൊലീസ് വാദം ശരിയല്ലെന്നു ഫ്ലൈ വർക്കല അഡ്വഞ്ചറസ് സ്പോർട്സ് പ്രതിനിധികൾ പറഞ്ഞു. പാപനാശം തീരത്തിനു മീതെ പറന്നു തെക്കു ഭാഗത്ത് ആലിയിറക്കം വരെ ചെന്നു മടങ്ങുന്നതാണു രീതി. ഏതാനും വർഷങ്ങളായി ഇതാണു പതിവ്.

ഇപ്പോൾ പാപനാശം തീരത്തേക്കു വരാൻ അനുമതിയില്ലെന്നു പറയുന്നതു വിചിത്രമാണെന്നും അവർ പറഞ്ഞു. പാപനാശം ഭാഗത്തേക്കു നിശ്ചിത അകലം പാലിച്ചു നീങ്ങാനുള്ള ശ്രമത്തിനിടയിൽ അന്തരീക്ഷത്തിലെ ചുഴിയാണു ഗ്ലൈഡറിനെ അപകടത്തിലാക്കിയത്. 12 വർഷമായി നിബന്ധനകളെല്ലാം പാലിച്ച് ഇവിടെ പാരാഗ്ലൈഡിങ് നടത്തുന്നുണ്ട്.

അപകട സാധ്യതകളെല്ലാം മനസ്സിലാക്കി തന്നെയാണ് ഇതിൽ പറക്കാൻ തയാറായി സഞ്ചാരികൾ എത്തുന്നതെന്നും ഇവർ പറഞ്ഞു. അലക്ഷ്യമായി പറപ്പിച്ചു മനഃപൂർവമായ നരഹത്യയ്ക്കു ശ്രമിച്ചെന്ന കുറ്റമാണു പൊലീസ് ഗ്ലൈഡർ ട്രെയിനർക്കും രണ്ടു സഹായികൾക്കുമെതിരെ ചുമത്തി അറസ്റ്റ് ചെയ്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com