വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം: പ്രതി മകനെന്ന് സൂചന
Mail This Article
ചിറയിൻകീഴ് ∙ വക്കം നിലയ്ക്കാമുക്കിൽ വീട്ടമ്മയെ തീപ്പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി ഒപ്പമുണ്ടായിരുന്ന മകനാണെന്നു സൂചന. നിലയ്ക്കാമുക്ക് പൂച്ചെടിവിള വീട്ടിൽ ജനനി(59)യെ കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ടു ജനനിയോടൊപ്പം കഴിഞ്ഞുവന്നിരുന്ന ഇളയമകൻ വിഷ്ണു(32)വിനെ കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവദിവസം രാത്രിയോടെ അമ്മയും മകനും തമ്മിൽ വാക്കേറ്റം നടന്നതായി സമീപവാസികൾ പറയുന്നു.
ലഹരിയിലായിരുന്ന വിഷ്ണു ഉറങ്ങാൻ കിടന്ന അമ്മയുടെ മേൽ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയ ശേഷം സമീപത്തുള്ള ബന്ധുവീട്ടിൽ നടന്നെത്തി അമ്മ സ്വയം തീകൊളുത്തി മരിക്കാൻ ശ്രമിച്ചെന്ന് അറിയിച്ചു. വിവരമറിഞ്ഞു കടയ്ക്കാവൂർ പൊലീസും സ്ഥലത്തെത്തി. ഇതിനിടെ വിഷ്ണു സമീപത്തെ മരത്തിൽ കയറി ഉടുത്തിരുന്ന വസ്ത്രമഴിച്ചു സ്വയം തൂങ്ങിച്ചാകാൻ നടത്തിയ ശ്രമം വിഫലമാവുകയും മരത്തിൽ നിന്നു താഴെവീഴുകയും ചെയ്തു.