ADVERTISEMENT

തിരുവനന്തപുരം ∙ ശാസ്തമംഗലം വില്ലേജ് ഓഫിസിലെ ജീവനക്കാർക്ക് കൈക്കൂലി നൽകാനാ‍ണെന്നു പറഞ്ഞ് ഓഫിസ് പരിസരത്ത് അപേക്ഷ തയാറാക്കുന്ന വ്യക്തി 1700 രൂപ കൈപ്പറ്റിയെന്ന് വനിത വില്ലേജ് ഓഫിസറുടെ പരാതി. വില്ലേജ് ഓഫിസർ സിമി ശിവകുമാറാണ് മ്യൂസിയം പൊലീസിൽ പരാതി നൽകിയത്.

പോക്കുവരവു നടത്താൻ അപേക്ഷയുമായി എത്തിയ വ്യക്തിയിൽ നിന്നാണ് പണം കൈപ്പറ്റിയ‍തെന്നു പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വിൽ‍പ്പത്രത്തിന്റെ പോക്കു വരവിന്  ഇന്നലെ രാവിലെ വട്ടിയൂർക്കാവ് സ്വദേശി പ്രതാപൻ വില്ലേജ് ഓഫിസിലെത്തിയിരുന്നു. അപേക്ഷ തയാറാക്കാൻ തന്നെ സഹായിച്ചത് ഓഫിസ് പരിസരത്തുള്ള വ്യക്തിയാണെന്നും തന്റെ പക്കൽ നിന്ന് ഇയാൾ 1700 രൂപ വാങ്ങിയെന്നും ഓഫിസിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി ഇനത്തിൽ കൊടുക്കാനാണെന്നു പറഞ്ഞാണ് പണം വാങ്ങിയതെന്നും പ്രതാപൻ വില്ലേജ് ഓഫിസറോടു പറഞ്ഞു.

കൈക്കൂലി കൊടുത്ത വിവരം വിജിലൻസിനെ അറിയിക്കുന്നതിന്  വില്ലേജ് ഓഫിസർ, വിജിലൻസ് ഓഫിസിൽ വിളിച്ചപ്പോൾ, പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടാനായിരുന്നു നിർദേശം. പ്രതാപൻ ഉന്നയിച്ച ആരോപണങ്ങൾ വില്ലേജ് ഓഫിസിനെയും റവന്യു വകുപ്പിനെയും അപമാനിക്കുന്നതാണെന്നും ജീവനക്കാർക്ക് മാനസിക പ്രയാസമുണ്ടാക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ്  വില്ലേജ് ഓഫിസർ പൊലീസിൽ പരാതി നൽകിയത്. കൈക്കൂലി വാങ്ങുന്നതും നൽകുന്നതും കുറ്റകരമാണെന്നിരിക്കെ, കൈക്കൂലിയുടെ പേരിൽ പണം നൽകിയ വ്യക്തിക്കെതിരെയും  നിയമനടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.

രണ്ട് സ്പെഷൽ വില്ലേജ് ഓഫിസർമാർ ഉൾപ്പെടെ 7 പേരാണ് ഓഫിസിൽ ജോലി ചെയ്യുന്നത്. നൂറിലധികം  പേരാണ് ദിവസവും വിവിധ ആവശ്യങ്ങൾക്കായി ഈ ഓഫിസിലെത്തുന്നത്.വില്ലേജ് ഓഫിസർ നൽകിയ പരാതിയിൽ ആരോപണ വിധേയനായ വ്യക്തിയുടെ പേരു സൂചിപ്പി‍ച്ചിട്ടില്ല.  വില്ലേജ് ഓഫിസറുടെ പരാതിയിൽ അന്വേഷണം തുടങ്ങിയതായും വില്ലേജ് ഓഫിസ് കേന്ദ്രീകരിച്ച് അപേക്ഷ തയാറാക്കുന്നവർ നിരീക്ഷണത്തിലാണെന്നും ഇവരെ ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com