മെഡിക്കൽ കോളജ് ആശുപത്രി ; മൾട്ടി ലെവൽ പാർക്കിങ്: കാടുപിടിച്ച ശിലാഫലകം ബാക്കി!
Mail This Article
തിരുവനന്തപുരം∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ പാർക്കിങ് പ്രശ്നത്തിന് പരിഹാരമായി കോർപറേഷൻ പ്രഖ്യാപിച്ച മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രത്തിന് ശിലാഫലകം സ്ഥാപിച്ചിട്ട് രണ്ടു വർഷം. നിർമാണോദ്ഘാടനത്തിന്റെ പേരിൽ സ്ഥാപിച്ച ശിലാഫലകം കാടു പിടിച്ച് കിടക്കുന്നു.
രണ്ടു വർഷം കഴിഞ്ഞിട്ടും ആദ്യഘട്ട പ്രവർത്തനങ്ങൾ പോലും ആരംഭിച്ചില്ല. മെഡിക്കൽ കോളജ് , എസ്എടി ആശുപത്രികളിൽ എത്തുന്നവർ വാഹനം പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെ നെട്ടോട്ടം ഓടുമ്പോഴാണ് കോർപറേഷന്റെ പാർക്കിങ് കേന്ദ്രം ഫയലിൽ ഉറങ്ങുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് 9 കോടി രൂപയുടെ പദ്ധതി കോർപറേഷൻ പ്രഖ്യാപിച്ചത്.
സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിന് പുറത്താണ് കോർപറേഷൻ പാർക്കിങ് ഏരിയ പണിയാനായി ശിലാഫലകം സ്ഥാപിച്ചത്. പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെ നട്ടം തിരിയുന്നവർ ഇതിനുള്ളിലും ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്. 2021 ഫെബ്രുവരി 18ന് അന്നത്തെ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനാണ് മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രത്തിനായുള്ള നിർമാണോദ്ഘാടനം നടത്തിയത്.
എസ്എടി ആശുപത്രി കുട്ടികളുടെ കാഷ്വൽറ്റിക്ക് മുൻവശത്ത് ആംബുലൻസ് ഉൾപ്പെടെ ഗതാഗതക്കുരുക്കിൽപ്പെടുന്നത് പതിവ്. ഇങ്ങോട്ടുള്ള റോഡുകളിലെ പാർക്കിങ് മൂലമാണ് ആംബുലൻസ് ഉൾപ്പെടെ കുരുങ്ങുന്നത്. പാർക്കിങ്ങിന് സ്ഥലമില്ലാതെ വന്നതോടെ പുതിയ മേൽപാലത്തിൽ ഉൾപ്പെടെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
തിക്കി തിരക്കിയുള്ള പാർക്ക് മൂലം ആംബുലൻസ് ഉൾപ്പെടെ കുരുക്കിൽപ്പെടുന്നതും പതിവാണ്. ദിവസേന ആയിരകണക്കിന് പേർ ചികിത്സ തേടി എത്തുന്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ വിശാലമായ പാർക്കിങ് ഏരിയ വേണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. അത് ഇപ്പോഴും യാഥാർഥ്യമായിട്ടില്ല.