‘ഒരുപാട് പഠിക്കാനുണ്ട്, സ്കൂളിൽ പോകണം, ആന വന്നാലോ...?
Mail This Article
വിതുര∙ ‘ഒരുപാട് പഠിക്കാനുണ്ട്, സ്കൂളിൽ പോകാതെ എങ്ങനെയാണ്..? കൂട്ടുകാരൊക്കെ മിടുക്കരായി പഠിക്കുമ്പോൾ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം പോകാതിരുന്നാൽ എങ്ങനെ പഠിക്കും?’ വിതുര പേപ്പാറ കല്ലുപാറ ആദിവാസി ഊരിലെ ശ്രീക്കുട്ടി ചോദിക്കുന്നതാണ്. ഊരിൽ നിന്നു വിദ്യാവാഹിനി വാഹനം എത്തുന്ന വഴിയിൽ കാട്ടാന ഇറങ്ങി നിന്നതിനെ തുടർന്നു തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സ്കൂളിൽ പോയില്ല. ഇന്നലെ വലിയ പാത്രങ്ങൾ കൊട്ടിയും തകരപ്പാട്ടയിൽ അടിച്ച് ശബ്ദമുണ്ടാക്കിയും രണ്ടും കൽപ്പിച്ച് രക്ഷിതാക്കളിൽ ചിലർ നേരിട്ടെത്തി വാഹനത്തിൽ മൂന്നു കുട്ടികളെ കയറ്റി വിട്ടു. ബാക്കിയുള്ളവർ സ്കൂളിൽ പോകാതെ ഇന്നലെയും വീടുകളിൽ തുടർന്നു.
‘ഇനിയും എത്ര നാൾ ഇങ്ങനെ...’ ഇതു ചോദിക്കുമ്പോൾ ഊരുവാസിയായ രക്ഷിതാവിന്റെ കണ്ണിൽ നിന്നും നിസഹായതയുടെ ഉപ്പുനീർ പൊഴിഞ്ഞിരുന്നു. പ്രധാന റോഡിൽ നിന്നും അകലെയാണു കല്ലുപാറ ആദിവാസി ഊര്. നല്ല വഴിയില്ല. കല്ലുകളും പാറകളും നിറഞ്ഞ ചെങ്കുത്തായ വഴിയിലൂടെ ജീവൻ പണയം വച്ചു വേണം ഊരിറങ്ങാൻ. ഏതാണ്ടു മുക്കാൽ കിലോ മീറ്റർ അകലെ വട്ടപ്പാറയ്ക്കു സമീപത്തു വാഹനമെത്തും. അവിടേക്കു പോകും വഴി ഏതു സമയവും ഉൾ വനത്തിൽ നിന്നും കാട്ടാനക്കൂട്ടം ഇറങ്ങാം. വിതുര ഗവ: യുപിഎസിലും ഗവ: വിഎച്ച്എസ്എസിലും തേമല കെ.വി. എൽപിഎസിലുമായി പഠിക്കുന്ന 10 കുട്ടികളാണു കല്ലുപാറ ഊരിലുള്ളത്.
ജനിച്ച നാൾ മുതൽ വന്യ മൃഗങ്ങളെ പേടിക്കാതെ കിടന്നുറങ്ങാൻ കഴിഞ്ഞിട്ടില്ല ഇവിടത്തെ കുട്ടികൾക്ക്.ഇടയ്ക്ക് മൃഗങ്ങൾ ഊരിലേക്കുമെത്തും. ഭീതി പരത്തും. ട്രൈബൽ വകുപ്പ് കളീയ്ക്കലിൽ നിന്നും ഊരിലേക്കു റോഡ് നിർമിക്കാൻ 62 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഒന്നര കിലോ മീറ്റർ റോഡാണു നിർമിക്കുന്നത്. ഇതിന്റെ പ്രാരംഭ ഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. റോഡ് വരുമ്പോഴേയ്ക്കും കാട്ടാനപ്പേടി അകലുമെന്ന പ്രതീക്ഷയിലാണു ഊരിലെ കുട്ടികൾ.
ജനവാസ മേഖലകളിലേക്ക് കാട്ടുപന്നിക്കൂട്ടവും
വിതുര∙ ജനവാസ മേഖലകളിലേക്കു പതിവു സഞ്ചാരം നടത്തുന്ന കാട്ടുപന്നിക്കൂട്ടം ഗ്രാമീണ മേഖലയിൽ ഭീഷണിയാകുന്നു. വിതുര ഗ്രാമ പഞ്ചായത്തിലെ മേമല, പേപ്പാറ, തള്ളച്ചിറ, മുളയ്ക്കോട്ടുകര, ചേന്നൻപാറ, വിതുര വാർഡുകളിലാണു കാട്ടുപന്നിക്കൂട്ടത്തിന്റെ സാന്നിധ്യം ഏറെയുള്ളത്. കുട്ടികളടക്കം പത്തോ പന്ത്രണ്ടോ ചിലപ്പോൾ പതിനഞ്ച് വരെ കാട്ടുപന്നികളാണു റോഡരികിലും മറ്റുമായി തമ്പടിച്ചുന്നത്. നേരം ഇരുട്ടിയാൽ പന്നിക്കൂട്ടത്തെ പേടിക്കാതെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. മുളയ്ക്കോട്ടുകര വാർഡിലെ മൈലക്കോണം, കാവുവിള ഭാഗങ്ങൾ, ചേന്നൻപാറ വാർഡിലെ ഹൈവേയോടു ചേർന്ന ഭാഗങ്ങൾ, തള്ളച്ചിറ വാർഡിലെ എലിക്കോണം.
ടിവി സെന്റർ, മേമല വാർഡിലെ മാങ്കാല ഭാഗം, പേപ്പാറ റോഡിലെ വിവിധ ഭാഗങ്ങളൊക്കെ കാട്ടുപന്നി കൂട്ടത്തിന്റെ സ്വൈര വിഹാര കേന്ദ്രങ്ങളാണ്. പന്നി ഇരുചക്ര വാഹനങ്ങളിൽ ഇടിച്ചു പരുക്ക് പറ്റുന്ന സംഭവങ്ങളും കുറവല്ല. കാട്ടുപന്നിയുടെ ആക്രമണത്തിൽ ചായം സ്വദേശി മരിച്ചിരുന്നു. അന്നത്തെ സംഭവത്തിനു ശേഷം ജീവനും സ്വത്തിനും കൃഷിക്കും ഒരുപോലെ ഭീഷണിയാകുന്ന പന്നിക്കൂട്ടത്തെ തുരത്താൻ കാര്യക്ഷമമായ നടപടി കൈക്കൊള്ളുമെന്ന് അധികൃതർ അറിയിച്ചെങ്കിലും പാലിക്കപ്പെട്ടില്ല.