വിദ്യയെ ചവിട്ടിയും തലയ്ക്ക് അടിച്ചും കൊലപ്പെടുത്തിയെന്ന് പൊലീസ്; ഭർത്താവ് അറസ്റ്റിൽ
Mail This Article
മലയിൻകീഴ് ∙ വീടിനുള്ളിൽ രക്തത്തിൽ കുളിച്ച് കിടന്ന നിലയിൽ കണ്ടെത്തി ബന്ധുക്കൾ ആശുപത്രിയിലെത്തിച്ച യുവതിയുടെ മരണം കൊലപാതകം. കുണ്ടമൺകടവ് ശങ്കരൻനായർ റോഡ് വട്ടവിളയ്ക്ക് സമീപം ആശ്രിത വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന കരുമം അന്തിവിളക്ക് ജംക്‌ഷൻ കിഴക്കതിൽ വീട്ടിൽ ഗോപകുമാർ–അനിത ദമ്പതികളുടെ മകൾ ജി.എ.വിദ്യ (30) യുടെ മരണം ഭർത്താവ് പ്രശാന്തിന്റെ ക്രൂര മർദനത്തെ തുടർന്ന്. വിദ്യയുടെ ഭർത്താവ് എസ്.പി.പ്രശാന്ത് (34) നെ അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചത്. വിദ്യയെ ചവിട്ടിയും തലയ്ക്ക് അടിച്ചും കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ആദ്യം അസ്വാഭാവിക മരണത്തിനു കേസെടുത്ത മലയിൻകീഴ് പൊലീസ് പ്രശാന്തിനെ സംഭവ ദിവസം രാത്രി തന്നെ കസ്റ്റഡിയിലെടുത്തു.
ഭാര്യ ശുചിമുറിയിൽ തെന്നി വീണു എന്നാണ് ഇയാൾ ആദ്യം മുതൽ പറഞ്ഞത്. എന്നാൽ തലയ്ക്ക് പിന്നിലെ മുറിവും ക്ഷതവും ആന്തരിക രക്തസ്രാവം ഉണ്ടായതായും പോസ്റ്റ്മോർട്ടം നടത്തിയ ഫൊറൻസിക് സർജനിൽനിന്ന് നിന്ന് പൊലീസിനു വിവരം ലഭിച്ചു. തുടർന്ന് കാട്ടാക്കട ഡിവൈഎസ്പി എൻ.ഷിബു, മലയിൻകീഴ് ഇൻസ്പെക്ടർ ടി.വി.ഷിബു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. വിദ്യയുമായി സംഭവ ദിവസം രാത്രി വാക്കു തർക്കമുണ്ടായെന്നും ഈ സമയം തലയ്ക്ക് അടിക്കുകയും വയറ്റിൽ ചവിട്ടുകയും ചെയ്തെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. തുടർന്നാണ് കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രി വിദ്യയുടെ മകൻ വിദ്യയുടെ മാതാവ് അനിതയെ ഫോണിൽ വിളിച്ച് അമ്മ ചലനമില്ലാതെ കിടക്കുന്നു എന്ന് അറിയിച്ചു. സ്ഥലത്തെത്തിയ വിദ്യയുടെ മാതാപിതാക്കൾ കട്ടിലിന്റെ താഴെ രക്തത്തിൽ കുളിച്ച് വിദ്യ കിടക്കുന്നതാണ് കണ്ടത്. ശുചിമുറിയിൽ വീണതെന്നു പ്രശാന്തിന്റെ മറുപടി. തുടർന്ന് ഇടപ്പഴഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രശാന്തും ഒപ്പമുണ്ടായിരുന്നു. ഇവിടെ എത്തി 15 മിനിറ്റ് കഴിഞ്ഞപ്പോൾ മരണം സ്ഥിരീകരിച്ചു. വിവരമറിഞ്ഞ് പൊലീസ് വാടക വീട്ടിലും പിന്നീട് ആശുപത്രിയിലെത്തി. വിദ്യയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഇവിടെ നിന്ന് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തു.
ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. പ്രശാന്ത് ലഹരി കേസിൽ 2 വട്ടം പിടിക്കപ്പെട്ടു. 2 ആഴ്ച മുൻപ് വരെ മുടവൻമുഗളിലെ പ്രശാന്തിന്റെ വീട്ടിലായിരുന്നു താമസം. 2 ആഴ്ച മുൻപ് കുണ്ടമൺകടവിൽ താമസത്തിന് എത്തിയെന്ന് വിദ്യയുടെ പിതാവ് പറഞ്ഞു. രണ്ടു കുട്ടികളുണ്ട്. മൃതദേഹം ഇന്ന് രാവിലെ 8ന് കരുമത്തെ വസതിയിലെത്തിക്കും. സംസ്കാരം രാവിലെ 11ന് ശാന്തി കവാടത്തിൽ.
English Summary: Vidya's death is murder