ADVERTISEMENT

തിരുവനന്തപുരം ∙ നഗരത്തിൽ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനും കുറ്റവാളികളെ പിടികൂടാനും ഇനി ‘പറക്കും’ പൊലീസ്. പൊലീസിന്റെ ഡ്രോൺ ഫൊറൻസിക് യൂണിറ്റിന്റെ ഭാഗമായി പൊലീസ് ഡ്രോണിന്റെ പ്രവർത്തനം ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലാണു തുടങ്ങിയത്. നിലവിൽ ഒരു ഡ്രോൺ ക്യാമറയാണ് സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിനു ലഭിച്ചത്. ഉടൻ തന്നെ രണ്ടെണ്ണം കൂടി എത്തും. ചെന്നൈയിൽ നിന്നു പരിശീലനം നേടിയ സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്കാണ് ഡ്രോൺ പറത്തുന്നതിനുള്ള ചുമതല നൽകിയത്.

ഇവർ സൂക്ഷിക്കുക ...!

ആദ്യഘട്ടത്തിൽ ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നവരെ ഡ്രോൺ ഉപയോഗിച്ചു നിരീക്ഷിക്കും. ബൈക്ക് റേസിങ്, ബൈക്ക് സ്റ്റണ്ടിങ് നടത്തുന്നവരെ പിൻതുടർന്ന് വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ ഡ്രോണിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറ ഒപ്പിയെടുക്കും. പൊലീസ് ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. നമ്പർ പ്ലേറ്റിൽ രൂപമാറ്റം വരുത്തുന്നതും വാഹനത്തിനു രൂപഭേദം വരുത്തുന്നതും പിടിക്കപ്പെടും. ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാതെ യാത്ര ചെയ്യുന്നവരെയും കണ്ടെത്താം. സീബ്രാ ക്രോസിങ്ങിൽ വാഹനം നിർത്തുന്നവരെയും ചുവന്ന സിഗ്നലിൽ വാഹനം നിർത്താതെ പോകുന്നവരെയും ഗതാഗത തടസ്സം സൃഷ്ടിച്ച് വാഹന പാർക്കിങ് നടത്തുന്നവരെയും പിടികൂടും.

നഗരത്തിലെ ഗതാഗത നിയമലംഘകരെ പിടിക്കാനായി തിരുവനന്തപുരം സിറ്റി പൊലീസ് ഒരുക്കിയ ഡ്രോൺ സംവിധാനം പ്രവർത്തിപ്പിച്ചപ്പോൾ.
നഗരത്തിലെ ഗതാഗത നിയമലംഘകരെ പിടിക്കാനായി തിരുവനന്തപുരം സിറ്റി പൊലീസ് ഒരുക്കിയ ഡ്രോൺ സംവിധാനം പ്രവർത്തിപ്പിച്ചപ്പോൾ.

അൾട്രാ സൂം ക്യാമറ രാത്രിയും പകലും വ്യക്തമായ ദൃശ്യവും വിഡിയോയും പകർത്തും. ഗതാഗതക്കുരുക്കുള്ള റോഡുകൾ കണ്ടെത്തി പരിഹരിക്കാൻ ഡ്രോണിന്റെ സേവനം ഉപയോഗിക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു.നഗരത്തിൽ ഏതു ഭാഗത്താകും ക്യാമറ പ്രവർത്തിക്കുകയെന്ന് മുൻകൂട്ടി  അറിയാൻ കഴിയാത്തതിനാൽ നിയമ ലംഘനങ്ങൾ എപ്പോഴും പിടിക്കപ്പെടാം. നഗരത്തിലുണ്ടാകുന്ന കുറ്റകൃത്യങ്ങൾ കണ്ടെത്താനും ഡ്രോൺ യൂണിറ്റിനെ ഉപയോഗിക്കാനാകുമെന്നാണ് പൊലീസ് കരുതുന്നത്.

English Summary : 'Drone' to detect traffic violations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com