വഴിയോരക്കച്ചവടക്കാരുടെ കടകൾ മണ്ണുമാന്തി കൊണ്ട് ഇടിച്ചു നിരത്തി
Mail This Article
തിരുവനന്തപുരം ∙ വമ്പൻമാരുടെ നിയമ ലംഘനങ്ങൾക്കു നേരെ കണ്ണടയ്ക്കുന്ന കോർപറേഷൻ, നിത്യവൃത്തിക്കായി വഴിയോര കച്ചവടം നടത്തുന്ന പാവങ്ങളുടെ കടകൾ മണ്ണുമാന്തി ഉപയോഗിച്ച് ഇടിച്ചു നിരത്തി. തിരുമല ജംൿഷന് സമീപം പുത്തൻ കടയിൽ വഴിയോര കച്ചവടം നടത്തിയിരുന്ന പത്തോളം പേരുടെ കടകളാണ് ഇന്നലെ രാവിലെ പൊളിച്ചു നീക്കിയത്. ആയിരക്കണക്കിനു രൂപ ചെലവാക്കി നിർമിച്ച താത്ക്കാലിക കടകൾ സ്ഥലത്തു നിന്ന് എടുത്തുമാറ്റുകയും ചെയ്തു. ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വഴിയോര കടകൾ നീക്കം ചെയ്തതെന്നാണ് ഔദ്യോഗിക വിശദീകരണം.
ജീവിതമാർഗം നഷ്ടപ്പെട്ടവരിൽ ഇവരും.....
കോമളവല്ലി (63) ഹൃദ്രോഗിയായ കോമളവല്ലി ചായക്കട നടത്തിയാണ് വർഷങ്ങളായി നിത്യവൃത്തിക്ക് വഴി തേടിയിരുന്നത്. രാവിലെ ആറര മുതൽ പത്തര വരെയാണ് ചായത്തട്ടിന്റെ പ്രവർത്തനം. ഈ വരുമാനം കൊണ്ടാണ് വീട്ടുവാടകയും മക്കളുടെയും ചെറുമക്കളുടെയും കാര്യങ്ങളും നോക്കിയിരുന്നത്. ഭർത്താവും മരുമകനും മരണപ്പെട്ടു. ഏക വരുമാന മാർഗം തകർന്ന വേദനയിലാണ് കോമളവല്ലി.
റോസമ്മ (62) ആഡംബരത്തിൽ ജീവിക്കാനല്ല, ഭർത്താവിനും തനിക്കും മരുന്നു വാങ്ങാൻ ചെലവാകുന്ന അയ്യായിരത്തോളം രൂപ കണ്ടെത്താനാണ് റോസമ്മ അതിരാവിലെ പൂന്തുറയിൽ നിന്ന് മത്സ്യവുമായി തിരുമലയിൽ എത്തുന്നത്. രോഗിയായതിനാൽ ഭർത്താവിന് ജോലിക്കു പോകാൻ കഴിയില്ലെന്ന് റോസമ്മ പറഞ്ഞു. കോവിഡ് പിടിപെട്ട ശേഷം തനിക്കും നടക്കാൻ ബുദ്ധിമുട്ടുണ്ട്. 20 വർഷമായി തിരുമലയിൽ മീൻ കച്ചവടം നടത്തുന്നുണ്ട്. ഇത്രകാലം ഇല്ലാത്ത ഗതാഗത തടസം ഇന്നലെ എങ്ങിനെ ഉണ്ടായി എന്നാണ് റോസമ്മയുടെ ചോദ്യം.
ഇന്ദിര (58) പുലർച്ചെ എണീറ്റ് കിലോമീറ്ററുകൾ അകലെയുള്ള വെള്ളായണിയിൽ പോയി ചീര വാങ്ങി കച്ചവടം നടത്തുകയായിരുന്നു അരയല്ലൂർ സ്വദേശിയായ ഇന്ദിര. ചീരത്തട്ട് കോർപറേഷൻ പൊളിച്ചടുക്കിയ സങ്കടത്തിലാണ് ഇന്ദിരയും. മത്സ്യ കച്ചവടം നടത്തുന്ന പൂന്തുറ സ്വദേശിയായ സീമ സേവ്യറിന്റെയും വരുമാനം ഇന്നലെ കോർപറേഷന്റെ ഇടപെടലിൽ നഷ്ടമായി.