മാലിന്യം നിറഞ്ഞ് ഇടവ; തീരദേശ ടൂറിസത്തിന് ഭീഷണി
Mail This Article
ഇടവ∙ ‘മാലിന്യം വലിച്ചെറിയൽ മുക്ത’ മേഖലയായി പ്രഖ്യാപിച്ച പഞ്ചായത്തിലെ വിനോദസഞ്ചാര പ്രാധാന്യമുള്ള തീരത്ത് വൻതോതിൽ മാലിന്യം തള്ളുന്നതായി കണ്ടെത്തി. വർക്കല ബീച്ചിൽ നിന്നു ഇടവ വരെയെത്തുന്ന ക്ലിഫിനു താഴയാണ് പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം അടിയുന്നത്. കാലവർഷത്തിലെ ശക്തമായ തിരയടിയിൽ ഈ മാലിന്യം കടലിലേക്കു കലരുന്ന സ്ഥിതിയാണ്. വെറ്റക്കട, മാന്തറ, ശ്രീയേറ്റ് ഈ ഭാഗങ്ങളിൽ നിന്നു വ്യാപകതോതിൽ മാലിന്യം തീരത്തേക്ക് പതിക്കുന്നു.
അറവുശാല അടക്കം റസ്റ്ററന്റ് മാലിന്യവും ഈ ഭാഗത്ത് എത്തുന്നുണ്ടെന്നാണ് വിവരം. പരിസരത്തെ കുന്നുകൾക്ക് ഏകദേശം അൻപത് അടിയോളം ഉയരമുണ്ട്. ഈ ഭാഗത്തേക്ക് എത്തിച്ചേരാൻ ഒട്ടേറെ ഇടവഴികളുമുണ്ട്. സ്ഥലത്ത് വഴിവിളക്കു ഇല്ലാത്തതും മാലിന്യം തള്ളൽ എളുപ്പമാക്കി മാറ്റുന്നു. ഏതാനും വർഷം മുൻപ് വർക്കല, ഇടവ തീരങ്ങളെ ബന്ധിപ്പിക്കുന്ന വിധം കടൽക്കാഴ്ച ആസ്വദിക്കാൻ ക്ലിഫിന്റെ അരികിലൂടെ ടൂറിസം വകുപ്പ് ചെലവിൽ നടപ്പാത പണിതിരുന്നു.
ഇതുവഴി നടന്നുവരുന്ന വിനോദസഞ്ചാരികൾക്കു മുന്നിൽ മാലിന്യക്കാഴ്ചകളും തെളിയും. പഞ്ചായത്ത് തലത്തിൽ ജൈവമാലിന്യ സംസ്കരണ പദ്ധതികളുമില്ല പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യാൻ ഹരിതകർമ സേനയുണ്ടെങ്കിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലെ മാലിന്യനീക്കം ഫലപ്രദമല്ല. ഇതു ബീച്ച് ടൂറിസത്തിന് ഭീഷണിയാണ്.
ട്രെയിനിൽ നിന്നു മാലിന്യമെറിയുന്നു
കാപ്പിൽ∙ മേഖലയിലെ കണ്ണംമൂട്–പാറയിൽ മേഖലയിലൂടെ കടന്നുപോകുന്ന ട്രെയിനുകളിൽ നിന്നു ചാക്കുകളിലാക്കി മാലിന്യം വലിച്ചെറിയുന്നതായി നാട്ടുകാരുടെ പരാതി. കൊല്ലം ഭാഗത്ത് നിന്നു തിരുവനന്തപുരത്തേക്കുള്ള ദീർഘദൂര ട്രെയിനുകളിൽ നിന്നാണ് മാലിന്യം പതിക്കുന്നത്.
കാപ്പിൽ റെയിൽവേ സ്റ്റേഷൻ പിന്നിട്ടു കണ്ണംമൂട്–പാറയിൽ ഭാഗത്ത് എത്തുമ്പോൾ വലിച്ചെറിയുന്ന ചാക്കുകൾ ജനവാസ മേഖലയിൽ വന്നു വീഴുകയാണെന്നു പറയുന്നു. പാൻട്രി വിഭാഗത്തിൽ ഉപയോഗിക്കുന്ന പേപ്പർ കപ്പ്, പ്ലേറ്റ്, സ്നാക്സ് പൊതിയുന്ന കവറുകൾ, പ്ലാസ്റ്റിക് കുപ്പികൾ എന്നിവ ഉൾപ്പെടും. രാത്രിയും പുലർച്ചെയുമാണ് വലിച്ചെറിയൽ നടക്കുന്നത്.