ADVERTISEMENT

തിരുവനന്തപുരം∙ രണ്ടു വർഷത്തിനുള്ളിൽ 35000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന എമേർജിങ് ടെക്നോളജി സ്റ്റാർട്ടപ് ഹബ്ബിന്റെ നിർമാണം ഡിസംബറിൽ തുടങ്ങും. തിരുവനന്തപുരം പള്ളിപ്പുറത്തെ ടെക്നോസിറ്റിയിലെ മൂന്ന് ഏക്കറിലാണു കേരള സ്റ്റാർട്ടപ് മിഷന്റെ നേതൃത്വത്തിൽ 145 കോടി രൂപ മുടക്കിൽ ഹബ് വരുന്നത്. 

15,000 പേർക്കു നേരിട്ടും 20,000 പേർക്ക് അല്ലാതെയും തൊഴിൽ ലഭിക്കും. 30,000 യുവാക്കൾക്കു നൂതന സാങ്കേതിക വിദ്യ പരിചയപ്പെടുത്താനാകുമെന്നും  പ്രതീക്ഷ വയ്ക്കുന്നു. 5 ലക്ഷം ചതുരശ്ര അടിയിൽ ഒരുക്കുന്ന ഹബ്ബിന്റെ നിർമാണം 2 വർഷത്തിനുള്ളിൽ പൂർത്തീകരിക്കുകയാണു ലക്ഷ്യം. 1000 സ്റ്റാർട്ടപ്പുകളെ വരെ ഉൾക്കൊള്ളാൻ സാധിക്കും. 

സ്പേസ് സയൻസ്, റോബട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, 5ജി, ഓഗ്‌മെന്റഡ് റിയാലിറ്റി തുടങ്ങിയ മേഖലകളിൽ നിന്ന് വരും വർഷങ്ങളിൽ കൂടുതൽ സ്റ്റാർട്ടപ്പുകൾ വരാനുള്ള സാധ്യത കണക്കാക്കിയാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ എല്ലാ സാങ്കേതിക സഹായങ്ങളും ഒരുക്കുന്ന ‘പ്ലഗ് ആൻഡ് പ്ലേ ’ രീതിയിലാണ് ഹബ്ബിന്റെ നിർമാണം. 3000 കോടി രൂപയുടെ ഓഹരി നിക്ഷേപമാണു  പ്രതീക്ഷിക്കുന്നത്. 30 വർഷത്തേക്കാണു സ്ഥലം പാട്ടത്തിനെടുത്തിട്ടുള്ളത്.

കേന്ദ്ര–സംസ്ഥാന സർക്കാരുകളുമായും കോർപറേറ്റുകളുമായും ചേർന്ന് ഇന്നവേഷൻ സെന്ററുകളും സെന്റർ ഫോർ എക്സലൻസും ഒരുക്കുന്നത് പദ്ധതിയുടെ ഭാഗമാണ്. കൃഷി, വ്യവസായം, സാമ്പത്തികം, വിദ്യാഭ്യാസം, ഐടി തുടങ്ങിയ മേഖലകളിലെ നൂതന  സ്റ്റാർട്ടപ്പുകളെ ഒരു കുടക്കീഴിലെത്തിക്കുകയും  ലക്ഷ്യം വയ്ക്കുന്നു. സ്റ്റാർട്ടപ്പുകൾക്കു പേറ്റന്റുകൾ ലഭ്യമാക്കാനുള്ള സഹായവും  ഹബ് വഴി ലഭിക്കും.

ഹബ്ബിന്റെ പ്രത്യേകതകൾ:

∙ ആധുനിക റിസർച് സൗകര്യം (ആർ ആൻഡ് ഡി)

∙ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുള്ള ടൂൾ റൂം

∙ കോൺഫറൻസ്, മീറ്റിങ് റൂമുകൾ

∙ റസിഡൻഷ്യൽ ബ്ലോക്കുകൾ

∙ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയ ലാബ് സൗകര്യം

∙ കഫേ, ഓഡിറ്റോറിയം, ആംഫി തിയറ്റർ

∙ യോഗ സെന്റർ, പ്ലേ ഏരിയ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com