കൂട്ടുകാരുമായി ‘ജഗഡ !’: വീണ്ടും ‘ഒറ്റയാനായി’ അരിക്കൊമ്പൻ: ആനയുടെ മോചനത്തിന് ഭീമഹർജിയും വഴിപാടും!
Mail This Article
തിരുവനന്തപുരം ∙ കേരളത്തിൽ ചിന്നക്കനാൽ മേഖലയിൽ നിന്നു തമിഴ്നാട്ടിലേക്ക് കാടു കടത്തിയ കാട്ടാന അരിക്കൊമ്പൻ വീണ്ടും ഒറ്റയാനായി. പുതുനാട്ടിലെ ആനക്കൂട്ടവുമായി സൗഹൃദം പുലർത്തിയ അരിക്കൊമ്പൻ പിന്നീട് സംഘവുമായി തെറ്റിപ്പിരിഞ്ഞു ഇപ്പോൾ ഒറ്റയ്ക്കാണു സഞ്ചാരം. തിരുനെൽവേലി കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ അപ്പർ കോതയാർ വനമേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴും ഉള്ളത്. തമിഴ്നാട്ടിലെ തേനി ജില്ലയിലെ പാശാനംപെട്ടിക്കു സമീപത്തു നിന്ന് പിടികൂടിയ ശേഷം ജൂൺ ആദ്യവാരമാണ് ആനയെ ഇവിടെ തുറന്നു വിട്ടത്. ആനയുടെ സഞ്ചാരദിശ റേഡിയോ കോളർ സിഗ്നലിലൂടെ പെരിയാർ കടുവ സങ്കേതത്തിൽ ലഭിക്കുന്നുണ്ട്.
കന്യാകുമാരി ഡിഎഫ്ഒ വഴി ആനയുടെ സഞ്ചാരത്തെക്കുറിച്ചുള്ള വിവരങ്ങൾ കേരള വനം വകുപ്പിനും ലഭിക്കുന്നുണ്ട്. അരിക്കൊമ്പന്റെ ആരോഗ്യ നിലയിൽ ആശങ്കയില്ലെന്നും മുറിവുകൾ ഇല്ലെന്നും തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡനും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുമായ ശ്രീനിവാസ് റെഡ്ഡി പറഞ്ഞു. തുറന്നു വിട്ട ശേഷം നാലു തവണ ആനയുടെ ഫോട്ടോകളും വിഡിയോകളും തമിഴ്നാട് പുറത്തു വിട്ടിരുന്നു. ഇതിനു ശേഷം ചിത്രങ്ങൾ വിടാഞ്ഞത് അഭ്യൂഹങ്ങൾക്കിടയാക്കി.
കമ്പത്തിനടുത്തു നിന്നു അരിക്കൊമ്പനെ പിടികൂടിയപ്പോൾ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ ആനയെ പീഡിപ്പച്ചതായി പ്രൊട്ടക്ടേഴ്സ് ഓഫ് എൻവയോൺമെന്റ് ആൻഡ് ആനിമൽ ലൈഫ് കൺവീനർ എം.കെ.സുരേഷ്കുമാർ ആരോപിച്ചു. അപ്പർകോതയാറിലെ മുത്തുക്കുഴി പ്രദേശത്ത് കാട്ടുതടങ്കലിലാണ് അരിക്കൊമ്പനെ പാർപ്പിച്ചിരിക്കുന്നതെന്നും കൺവീനർ പറഞ്ഞു. എന്നാൽ, ആരോപണങ്ങൾ ശരിയല്ലെന്നും, ആന ആരോഗ്യവാനായി അപ്പർ കോതയാറിൽ തന്നെയുണ്ടെന്നു തമിഴ്നാട് വനം വകുപ്പ് വിശദീകരിക്കുകയായിരുന്നു. സിഗ്നൽ പരിശോധിച്ച് ഇക്കാര്യം കേരള വനം വകുപ്പും സ്ഥിരീകരിച്ചു.
ഭീമഹർജിയും വഴിപാടും
അരിക്കൊമ്പന്റെ മോചനത്തിനായി മറ്റന്നാൾ രാവിലെ 9 ന് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തേങ്ങ ഉടയ്ക്കാൻ പ്രൊട്ടക്ടേഴ്സ് ഓഫ് എൻവയോൺമെന്റ് ആൻഡ് അനിമൽ ലൈവ് എന്ന സംഘടന. ചിന്നക്കനാലിൽ ആന തിരിച്ചെത്താനാണിത്.14 ലക്ഷം പേർ ഒപ്പിട്ട ഭീമഹർജിയുടെ ഒപ്പു ശേഖരണത്തിനും അന്നു തുടക്കം കുറിക്കും. ആനയ്ക്ക് നീതി ലഭ്യമാക്കാൻ പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ വന്യജീവി ബോർഡിന് നിവേദനം നൽകി. കേരള–തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ അരിക്കൊമ്പനെ ഉപദ്രവിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കാനും സംഘടന തീരുമാനിച്ചു.