ആഘോഷമായി ‘ഗ്രാമോത്സവം’
Mail This Article
ആറ്റിങ്ങൽ∙ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റെ സംയോജിത ബോധവൽക്കരണ പരിപാടി ‘ഗ്രാമോത്സവം’ കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. നെഹ്റു യുവകേന്ദ്രയുടെ സഹകരണത്തോടെ ആറ്റിങ്ങൽ സൺ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്.
സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ, പ്രസ് ഇൻഫർമേഷൻ ബ്യൂറോ കേരള- ലക്ഷദ്വീപ് റീജൻ അഡീഷനൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി ‘തൊഴിൽ ക്ഷമതയും നൈപുണ്യവും’ എന്ന വിഷയത്തിലും ഐഎസ്ടിസി പ്രസിഡന്റ് കെ.സി.സി. നായർ ‘സ്റ്റാർട്ടപ്പ് സംരംഭങ്ങളും തൊഴിലവസരങ്ങളും’ എന്ന വിഷയത്തിലും ക്ലാസുകൾ നയിച്ചു.
അത്തപ്പൂക്കള മത്സരവും നാടൻപാട്ട് മത്സരവും കലാപരിപാടികളും അരങ്ങേറി. നെഹ്റു യുവകേന്ദ്ര ഡയറക്ടർ എം .അനിൽകുമാർ, സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ജോയിന്റ് ഡയറക്ടർ വി. പാർവതി, ഫീൽഡ് പബ്ലിസിറ്റി ഓഫിസർ ജൂണി ജേക്കബ് എന്നിവർ പ്രസംഗിച്ചു. സമാപനദിനമായ ഇന്ന് സ്ത്രീ ശാക്തീകരണ പദ്ധതികൾ, സ്ത്രീസുരക്ഷാ നിയമങ്ങൾ എന്നിവയെക്കുറിച്ച് ക്ലാസ് നടക്കും. തിരുവാതിരകളി മത്സരം, സമാപന സമ്മേളനം എന്നിവയുമുണ്ടാകും.