ചന്ദ്രയാൻ വിജയം: എസ്.സോമനാഥിനും സംഘത്തിനും ഊഷ്മള സ്വീകരണം
Mail This Article
തിരുവനന്തപുരം ∙ ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയത്തിനു ശേഷം തിരുവനന്തപുരത്ത് എത്തിയ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഇസ്റോ) ചെയർമാൻ എസ്.സോമനാഥിനും സംഘത്തിനും ഊഷ്മള സ്വീകരണം. ഇന്നലെ രാത്രി 10.50 ന് ആണ് അദ്ദേഹം ബെംഗളൂരുവിൽ നിന്നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽപിഎസ്‌സി) ഡയറക്ടർ ഡോ.വി.നാരായണൻ, സ്പേസ് ഫിസിക്സ് ലബോറട്ടറി (എസ്പിഎൽ) ഡയറക്ടർ ഡോ.കെ.രാജീവ് തുടങ്ങിയവരും സോമനാഥിനൊപ്പമുണ്ടായിരുന്നു. വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്‌സി) ഡയറക്ടർ ഡോ.എസ്.ഉണ്ണിക്കൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ജീവനക്കാരും നാട്ടുകാരും പുഷ്പഹാരങ്ങൾ നൽകിയും ആരതിയുഴിഞ്ഞുമാണു സംഘത്തെ സ്വീകരിച്ചത്. ജീവനക്കാരിലൊരാൾ സമ്മാനിച്ച ചന്ദ്രയാൻ 3 വിക്രം ലാൻഡറിന്റെ മാതൃക ഉയർത്തി സോമനാഥ് ആഹ്ലാദം പ്രകടിപ്പിച്ചു.
∙ ചന്ദ്രനിലെ കൂടുതൽ ചിത്രങ്ങൾ വരും ദിനങ്ങളിൽ: എസ്.സോമനാഥ്
ചന്ദ്രോപരിതലത്തിൽ നിന്നു വിക്രം ലാൻഡറും പ്രഗ്യാൻ റോവറും പകർത്തിയ കൂടുതൽ ചിത്രങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്ന് ഇസ്റോ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു. റോവർ സൂര്യപ്രകാശത്തിൽ നിന്നു പൂർണതോതിൽ ഊർജം സംഭരിച്ച ശേഷം കൂടുതൽ സജീവമാകും. ചന്ദ്രയാൻ 3 നു ശേഷം പുതിയ ചാന്ദ്ര ദൗത്യങ്ങൾക്ക് അംഗീകാരം ലഭിച്ചിട്ടില്ല. ജപ്പാനുമായി ചേർന്നുള്ള ലുപെക്സ് ദൗത്യത്തിന് ചന്ദ്രയാൻ 3 വിജയം ആത്മവിശ്വാസം നൽകുമെന്നും വൈകാതെ ദൗത്യം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്റോയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1 വിക്ഷേപണ തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസങ്ങളിൽ ഇസ്റോ കൂടുതൽ വിക്ഷേപണങ്ങൾക്കുള്ള ഒരുക്കം നടക്കുകയാണ്. ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ഹൈ ആൾട്ടിറ്റ്യൂഡ് അബോർട്ട് ടെസ്റ്റ് സെപ്റ്റംബർ അവസാന വാരം നടക്കും. തുടർന്ന് ജിഎസ്എൽവി ദൗത്യം നടക്കുമെന്നും എസ്.സോമനാഥ് പറഞ്ഞു.