ADVERTISEMENT

തിരുവനന്തപുരം ∙ പൂർണമായും വനിതകൾ നിർമിച്ച കേരളത്തിലെ ആദ്യത്തെ ഉപഗ്രഹം ‘വീസാറ്റ്’ അടുത്ത പിഎസ്എൽവി റോക്കറ്റ് വിക്ഷേപണത്തോടൊപ്പം ഭ്രമണപഥത്തിലെത്തും. തിരുവനന്തപുരം പൂജപ്പുരയിലെ എൽബിഎസ് വനിതാ എൻജിനീയറിങ് കോളജിലെ സ്പേസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിമൻ എൻജിനീയേഡ് സാറ്റലൈറ്റ് (വീസാറ്റ്) നർമിച്ചത്. കേരളത്തിലെ കാലാവസ്ഥാ വ്യതിയാനത്തിൽ അൾട്രാ വയലറ്റ് വികിരണങ്ങളുടെ സ്വാധീനം മനസ്സിലാക്കുകയാണ് വീസാറ്റിന്റെ ലക്ഷ്യം.

എൽബിഎസ് കോളജിലെ അസിസ്റ്റന്റ് പ്രഫസർ ഡോ.ലിസി ഏബ്രഹാമിന്റെ നേതൃത്വത്തിൽ മുപ്പതിലധികം വിദ്യാർഥികൾ ഉൾപ്പെടുന്ന വനിതാ സംഘത്തിന്റെ 3 വർഷത്തെ പ്രയത്നമാണ് വീസാറ്റിനു പിന്നിൽ. സംസ്ഥാനത്ത് പൂർണമായും വിദ്യാർഥികൾ മാത്രം ചേർന്നു നിർമിച്ച ആദ്യത്തെ ഉപഗ്രഹവുമിതാണ്. ഉപഗ്രഹ വിക്ഷേപണത്തിനായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനവുമായി (ഐഎസ്ആർഒ) എൽബിഎസ് കോളജ് ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. അടുത്ത മാസം അവസാനമോ നവംബർ ആദ്യവാരമോ ആകും അടുത്ത പിഎസ്എൽവി വിക്ഷേപണം നടക്കുക.

‘കോവിഡ് കാലത്താണ് ഞങ്ങൾ ഉപഗ്രഹം നിർമിക്കുന്നതിനുള്ള താൽപര്യം അറിയിച്ച് ഐഎസ്ആർഒയ്ക്ക് കത്തയച്ചത്. വൈകാതെ അവർ ബന്ധപ്പെട്ടു. ഞങ്ങൾ 3 വർഷം കൊണ്ട് വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ (വിഎസ്എസ്‌സി) കൂടി സഹകരണത്തോടെയാണ് ഉപഗ്രഹം നിർമിച്ചത്. ഉപഗ്രഹത്തിൽ നിന്നുള്ള ഡേറ്റ (വിവരങ്ങൾ) ലഭിക്കുന്നതിനുള്ള ഗ്രൗണ്ട് സ്റ്റേഷൻ കോളജ് ക്യാംപസിൽ തന്നെ സ്ഥാപിച്ചിട്ടുണ്ട്. അതു പ്രവർത്തന സജ്ജമാണ്. നമ്മുടെ സംസ്ഥാനത്ത് ഇത്തരത്തിൽ നടക്കുന്ന ആദ്യത്തെ പഠനമാണിത്.–’ ഡോ.ലിസി ഏബ്രഹാം പറഞ്ഞു.

ബഹിരാകാശത്തിലെയും ഭൗമോപരിതലത്തിലെയും അൾട്രാവയലറ്റ് വികിരണങ്ങളുടെ തോത് അളക്കുന്നതിനും ഇത്തരം വികിരണങ്ങൾക്ക് കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉഷ്ണതരംഗത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും എത്രമാത്രം സ്വാധീനമുണ്ടെന്നു മനസ്സിലാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com