‘കാറിടിച്ചു വിദ്യാർഥിയുടെ മരണം കരുതിക്കൂട്ടിയുള്ള കൊലപാതകം’; റിമാൻഡ് റിപ്പോർട്ട് കോടതിയിൽ
Mail This Article
കാട്ടാക്കട (തിരുവനന്തപുരം) ∙ പൂവച്ചൽ പുളിങ്കോട് പത്താം ക്ലാസ് വിദ്യാർഥി ആദിശേഖർ കാറിടിച്ചു മരിച്ച സംഭവം കരുതിക്കൂട്ടിയുള്ള കൊലപാതകമെന്നു പൊലീസ് കോടതിയിൽ. റിമാൻഡിലുള്ള പ്രതി പ്രിയരഞ്ജനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ആദിശേഖറിനോടു മുൻവൈരാഗ്യമുള്ള പ്രിയരഞ്ജൻ കൊല്ലണമെന്നു കരുതി കാത്തുനിന്നു കുട്ടിയെ ലക്ഷ്യം വച്ച് വണ്ടി ഇടിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. 15 വയസ്സു മാത്രമുള്ള കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു ജാമ്യം അനുവദിക്കാൻ പാടില്ലെന്നും ജാമ്യം ലഭിച്ചാൽ പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നും പൊലീസ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
30നാണ് ആദിശേഖർ മരിച്ചത്. പ്രതിയെ തിങ്കളാഴ്ച തമിഴ്നാട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് രണ്ടാം ദിവസം വിദേശത്തുനിന്ന് നാട്ടിലെത്തിയ ഭാര്യയ്ക്കൊപ്പം ആദ്യം മൈസൂരുവിലും പിന്നീട് തമിഴ്നാട്ടിലുമായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. കേരള–തമിഴ്നാട് അതിർത്തി പ്രദേശമായ അരുമന, ദേവിയോട് പ്രദേശങ്ങളിലായിരുന്നു താമസം. ഇതിനിടെ അഭിഭാഷകനെ കണ്ടു. കുഴിത്തുറ സ്വദേശിയാണ് പ്രിയരഞ്ജനു പിടിയിലാകും വരെ ഒളിച്ച് താമസിക്കാനുള്ള അവസരം ഒരുക്കിയത് എന്നും പൊലീസ് അറിയിച്ചു.
കാട്ടാക്കട ഡിവൈഎസ്പി എൻ.ഷിബു, ഇൻസ്പെക്ടർ ഡി.ഷിബുകുമാർ, എസ്.ഐമാരായ വി.എസ്. ശ്രീനാഥ്, സി.രമേശൻ, എഎസ്ഐമാരായ സന്തോഷ്,ആർ.സുനിൽ കുമാർ, ജെ.പി.ലാൽ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ രതീഷ്, സജിത്, ലിയോ രാജ്, ശ്രീജിത്, മണികണ്ഠൻ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിക്കായി തിരച്ചിൽ നടത്തിയത്. പ്രിയരഞ്ജൻ ഓടിച്ച ഇലക്ട്രിക് കാറിൽ വീണ്ടും ഫൊറൻസിക് പരിശോധന നടത്തി. അപകടം നടന്ന സ്ഥലത്ത് നിന്നുള്ള കൂടുതൽ തെളിവുകളും ശേഖരിച്ചു. സയന്റിഫിക് ഓഫിസർ ആൻഷിയുടെ നേതൃത്വത്തിലായിരുന്നു ഫൊറൻസിക് പരിശോധന.
English Summary: Kattakkada boy murder